ഏതാനും വ്യവസായികള്‍ ഒഴികെ ഗുജറാത്തില്‍ എല്ലാവരും പ്രതിഷേധത്തിലെന്ന് രാഹുല്‍ഗാന്ധി

പതാന്‍: ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് ഗുജറാത്തിലെ എല്ലാവരും പ്രതിഷേധിക്കുയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ചുപത്ത് വ്യവസായികള്‍ക്ക് മാത്രമാണ് പ്രതിഷേധമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതാന്‍ ജില്ലയിലെ വരണയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 22 വര്‍ഷമായി ആരാണ് ഗുജറാത്തില്‍ സന്തുഷ്ടരായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്തില്‍ നവ് സര്‍ജന്‍ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി, അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജി്ല്ലയിലാണ് പ്രചാരണം നടത്തിയത്.

നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഉയര്‍ത്തി മോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍, ഷോലെ സിനിമയിലെ വില്ലന്‍ ഗബ്ബര്‍ സിങ് ജനങ്ങള്‍ക്കുനേരെ അര്‍ധരാത്രി നടത്തിയ ആക്രമണം പോലെയായിരുന്നു നോട്ട് അസാധുവാക്കലെന്ന് പരിഹസിച്ചു.

ഗബ്ബര്‍ സിങ് ഗ്രാമീണരെ ആക്രമിക്കുന്നത് രാത്രിയിലാണ്. മോദി സര്‍ക്കാര്‍ നടത്തിയ കടുത്ത നടപടികള്‍ രണ്ടും രാത്രിയിലായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയില്‍നിന്ന് രക്ഷിക്കൂവെന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് അഭ്യര്‍ഥിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.


മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി യു.പി.എ സര്‍ക്കാര്‍ 35000 കോടി രൂപ നീക്കിവെച്ചു. പദ്ധതി ജനങ്ങള്‍ക്ക് തൊഴിലും കുടുംബത്തിന് ക്ഷേമവും രാഷ്ട്രത്തിന് പുരോഗതിയും നല്‍കി. ഇപ്പോള്‍ മോദി ഒരു ഫാക്ടറിക്കായി 33000 കോടി രൂപ നല്‍കുകയാണ്; ടാറ്റ നാനോയ്ക്കായി മാത്രം. രാഷ്ട്രത്തിന്റെ പുരോഗതിക്കായി യു.പി.എ ചെലവഴിച്ച പണമാണ് ഒരു കമ്പനിക്ക് മാത്രമായി മോദി നല്‍കുന്നത്- അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷം മാത്രം വമ്പന്‍ വ്യവസായികളുടെ 113000 കോടി രൂപാ കടം മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയതായും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അവസാഘട്ട പര്യടനമാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ‘മന്‍ കി ബാത്ത്്’ പറയാനല്ല, മറിച്ച് നിങ്ങളുടെ ‘മാന്‍ കി ബാറ്റ്’ കേള്‍ക്കാനാകും ഞങ്ങള്‍ ശ്രമിക്കുകയെന്നും രാഹുല്‍ ജനങ്ങളോടായി പറഞ്ഞു. ജനങ്ങളുടെ ‘മന്‍ കി ബാത്ത്’ അതനുസരിച്ചാവും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ഗാന്ധി മെഹ്‌സാനയിലെ വിസ്‌നഗറില്‍ പറഞ്ഞു.