ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു. ഇരുപത്തിയാറുകാരനായ സുഖ്‌ചെയിന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനായ ജാസ്ബിര്‍ സിങ്ങാണ് പ്രതി.

സുഖ്‌ചെയിന്‍ സിങ്ങിന്റെ പിതാവ് പരംജിത്ത് സിങ്ങ് തന്‍ താരണ്‍ ജില്ലയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയാണ്. കടയില്‍ മയക്കുമരുന്ന് ഗുളികകള്‍ വില്‍ക്കുന്നുവെന്ന് ജാസ്ബിര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.

ആരോപണം നിഷേധിച്ച സുഖ്‌ചെയിന്‍ ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ജാസ്ബിറിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കം മൂത്തതോടെ ചെവ്വാഴ്ച ജാസ്ബിര്‍ സുഖ്ചയിനെ ആക്രമിക്കുകയായിരുന്നു. തന്‍ താരണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുഖ്ചയിന്‍ മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണില്‍ നിന്ന് തന്നെയാണ് പോലീസിന് ലഭിച്ചത്. ജാസ്ബിര്‍ സിങ് ടെറസില്‍ നിന്ന് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊല്ലപ്പെട്ട യുവാവുതന്നെയാണ് പകര്‍ത്തിയത്.

SHARE