ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വലിയ തെറ്റായിപ്പോയി; ഇനി ഭരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഗോവ മുന്‍ ഉപമുഖ്യമന്ത്രി

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രമോദ് സാവന്ത് നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തന്റെ ഭാഗത്തുനിന്നുള്ള വലിയ രാഷ്ട്രീയ തെറ്റായിപ്പോയെന്ന് മുന്‍ ഗോവ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേസായ്.

തന്റെ നിയോജകമണ്ഡലമായ തെക്കന്‍ ഗോവിലെ ഫത്തോര്‍ഡയില്‍ ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) മേധാവി താന്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പും പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ”കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും” ഭരണപരമായ ഉത്തരവാദിത്തമില്ലാത്തതുമാണെന്നും സര്‍ദേസായ് പറഞ്ഞു.

‘ഭാവിയില്‍ ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല. മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപി ഇല്ലാതായി. ഭാവിയില്‍ ഈ സംസ്ഥാനം ഭരിക്കാന്‍ ഒരിക്കലും ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല’ അദ്ദേഹം പറഞ്ഞു.

പരീക്കറുടെ മരണശേഷം സര്‍ക്കാരില്‍ നിന്ന് വിട്ടുനില്‍ക്കാത്ത, എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത പ്രധാന രാഷ്ട്രീയ തെറ്റിന് ഗോവന്‍സിനോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന്, ഞങ്ങളുടെ തെറ്റ് കാരണം ഗോവന്മാര്‍ ദുരിതമനുഭവിക്കുകയാണ്, ഞങ്ങള്‍ തപസ്സുചെയ്യാന്‍ തയ്യാറാണ്, സര്‍ദെസായി ജനങ്ങളോടായി പറഞ്ഞു.

40 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള 2017-ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. എന്നാല്‍, അക്കാലത്ത് രാജ്യത്തെ പ്രതിരോധ മന്ത്രിയായിരുന്ന ബിജെപി മുതിര്‍ന്ന നേതാവ് കൂടിയായ പരീക്കര്‍ സ്വന്തം സംസ്ഥാനമായ ഗോവയിലേക്ക് മടങ്ങുകയായിരുന്നു. ജിഎഫ്പി, മഹാരാഷ്ട്രാടി ഗോമാന്റക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് കേണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

കഴിഞ്ഞ വര്‍ഷം പരീക്കര്‍ മരിച്ചതിനുശേഷവും പ്രമോദ് സാവന്ത് നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ജിഎഫ്പി പിന്തുണച്ചിരുന്നു.
എന്നാല്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബിജെപിയിലേക്ക് കൂറുമാറിയതിനെത്തുടര്‍ന്ന് സാവന്ത് സര്‍ദെസായിയെയും മറ്റ് രണ്ട് ജിഎഫ്പി നേതാക്കളെയും കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പ്രമോദ് സാവന്ദ് പുറത്താക്കുകയായിരുന്നു.