രണ്ടുമണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തി; മുന്‍സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

റോത്തക്ക്: രണ്ടുമണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. ഹരിയാനയിലെ പല്‍വാലിലാണ് ആറുപേരെ ഇരുമ്പു ദണ്ഡുപയോഗിച്ച് തലക്കടിച്ചു കൊന്നത്. മുന്‍സൈനിക ഉദ്യോഗസ്ഥനായ നരേഷ് ആണ് പോലീസ് പിടിയിലായത്. നേരത്തെ, മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നരേഷിനെ പുറത്താക്കിയിരുന്നു. ആസപത്രിയില്‍ കയറി കൊലപാതകം നടത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവമുണ്ടായത്. ഹരിയാനയിലെ പല്‍വാലില്‍ രണ്ടിനും നാലിനുമിടയില്‍ ഉറങ്ങിക്കിടന്ന നാലുപേരെ കൊലപ്പെടുത്തുകയായിരുന്നു. ആദ്യകൊലപാതകം ഒരു ആസ്പത്രിയിലാണ് നടന്നത്. ഇവിടെ ഒരു സ്ത്രീയാണ് കൊലചെയ്യപ്പെട്ടത്. പിന്നാലെ പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ നാലുപേരെയും ഒരു സുരക്ഷാ ജീവനക്കാരനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഇരുമ്പുദണ്ഡുമായി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആദര്‍ശ് നഗറില്‍ നിന്നും പ്രതിയെ പിടികൂടി. പോലീസിനെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരേയും വ്യക്തമല്ല.