വീണ്ടും വോട്ടിങ് മെഷീന്‍ വിവാദം; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടന്‍ പ്രവര്‍ത്തിച്ചില്ല; വോട്ടെടുപ്പില്‍ തടസ്സം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ വോട്ടിംങ് മെഷീന്‍ വിവാദവും തലപൊക്കുന്നു. വോട്ടിംങ് മെഷീനില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ആരവല്ലിയിലെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 900 ഇവിഎമ്മുകളില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു.

കോണ്‍ഗ്രസ്സിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതുമൂലം ആരവല്ലിയിലെ ബയാഡിലെ സിംലജ് ഗ്രാമത്തില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. കോണ്‍ഗ്രസ്സിന് വോട്ട് അമര്‍ത്തുമ്പോള്‍ വോട്ട് ലഭിക്കാതെവരികയായിരുന്നു. കൂടാതെ അഹമ്മദാബാദ്, മെഹസാന, പടാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇ.വി.എമ്മുകളില്‍ കൃത്രിമം ഉള്ളതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

നേരത്തെ, വോട്ട് രേഖപ്പെടുത്തുന്നതില്‍ ജാഗ്രതവേണമെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിംഹ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗ്രഹിച്ച സര്‍ക്കാരിനെ കിട്ടാന്‍ ജാഗ്രതയോടെ മുന്നോട്ട് വരണമെന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. ചീത്തപ്പേരുണ്ടാക്കരുതെന്നും സിന്‍ഹ പറഞ്ഞിരുന്നു.

അതേസമയം, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും ഇന്ത്യാ ടുഡേ ഫലം പറയുന്നു. കൂടുതല്‍ ചാനലുകളുടെ ഫലങ്ങള്‍ പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്.

ഗുജറാത്തില്‍ ബി.ജെ.പി 109 സീറ്റുകള്‍വരെ നേടി അധികാരം നിലനിര്‍ത്തുമെന്നും അതേസമയം കോണ്‍ഗ്രസ് 70 സീറ്റുകള്‍വരെ നേടി നില മെച്ചപ്പെടുത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ഹിമാചലില്‍ ഭരണ പാര്‍ട്ടിയായ കോണ്‍ഗ്രസ് വെറും 13 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.