ലേ: ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ ബിജെപി കൊട്ടിഘോഷിക്കുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതൃത്വം. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ് അടക്കം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരും നമ്മുടെ സേനയുടെ മനോവീര്യം ഉയര്‍ത്തുന്നതിനായുള്ള പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിന്റെ പരിഹാസം. എന്നാല്‍ അതിര്‍ത്തിയില്‍ അധിനിവേശം നടത്തിയ ചൈനയുടെ പ്രകോപനത്തിനെതിരെ പ്രധാനമന്ത്രി മോദി എന്തു നടപടിയാണ് സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.
മോദി സര്‍ക്കാറിനും ബിജെപിക്കുമെതിരെ തുടര്‍ചോദ്യങ്ങളുമായാണ് കോണ്‍ഗ്രസ് വ്യക്താവ് രന്ദീപ് സിങ് സുര്‍ജേവാല രംഗത്തെത്തയത്. എല്ലാ പ്രധാനമന്ത്രിമാരും നമ്മുടെ സേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ചൈനീസ് അതിക്രമങ്ങളെ നമ്മുടെ പ്രദേശത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി എപ്പോഴാണ് പ്രവര്‍ത്തിക്കുക, തുടര്‍ ചോദ്യങ്ങളുമായി സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ചോദ്യങ്ങള്‍ ഇതാണ്,
- പ്രധാനമന്ത്രി മോദി എപ്പോഴാണ് ചൈനീസ് സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത്?
- എപ്പോഴാണ് ചൈനക്കെതിരെ ചുവന്ന കണ്ണ് കാണിക്കുക?
- ‘ചൈന’ എന്ന വാക്ക് പോലും സംസാരിക്കാത്ത മോദി ജി, ഇനിയെപ്പോഴാണ് ചൈനയ്ക്ക് മറുപടി നല്‍കുന്നത്?, ട്വീറ്റില്‍ കോണ്‍ഗ്രസ് വ്യക്താവ് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി സന്ദര്‍ശനം നടത്തിയ ജവഹര്‍ലാല്‍ നഹ്‌റു അടക്കമുള്ള പ്രധാനമന്ത്രിമാരുടെ ചിത്രം പങ്കുവെച്ചായിരുന്നു പരിഹസ ട്വീറ്റ് .
അതേസമയം, പരിഹാസവും വിമര്‍ശനവുമായി മുന്‍ വിദേശകാര്യ സഹമന്ത്രികൂടിയായ ശശി തരൂരും രംഗത്തെത്തി.
1971ല്‍ പാകിസ്ഥാനെ രണ്ടായി വിഭജിക്കുതിന് മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലേയില്‍ നടത്തിയ സന്ദര്‍ശന ചിത്രവും 2005 പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സിയാച്ചിന്‍ നടത്തിയ സന്ദര്‍ശന ചിത്രവും പങ്കുവെച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്. നിര്‍ണ്ണായക മേഖലയില്‍ 2020 ഇന്ത്യക്ക് എന്ത് പ്രതീക്ഷിക്കാമെന്നും തരൂര്‍ ചോദിച്ചു.
യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയും പ്രതികരിച്ചു. ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.

യുദ്ധസമയത്തോ സമാനസാഹചര്യത്തിലോ സൈനികരെ പ്രദേശത്ത് സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയല്ല മോദി. 1962-ൽ ഇന്ത്യ-ചൈന യുദ്ധം നടക്കുമ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു സൈനികരെ സന്ദർശിച്ചിട്ടുണ്ട്. 1965-ൽ ഇന്ത്യ-പാക് യുദ്ധം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി യുദ്ധമുഖത്തെത്തി സൈനികരെ സന്ദർശിച്ചിരുന്നു. 1971-ലെ യുദ്ധസമയത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും സൈനികരെ സന്ദർശിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മുന്നിലുളള യഥാർഥ വെല്ലുവിളി അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയും ചൈന കൈയടക്കിയ ഭൂപ്രദേശം തിരിച്ചെടുക്കുക എന്നുളളതുമാണെന്നും ആന്റണി പറഞ്ഞു.
ഇതിനിടെ മോദിയുടെ ലേ യിലെ ആസ്പത്രി സന്ദര്‍ശന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ വെള്ളിയാഴ്ച ലേയിലെ ഒരു ‘ഹോസ്പിറ്റല്‍ വാര്‍ഡില്‍ വെച്ച് പ്രധാനമന്ത്രിയുടെ സന്ദര്‍ശിക്കുന്നതായി പുറത്തുവന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. വാര്‍ഡിലെ പരിക്കേറ്റ ജവാന്‍മാരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകളെ ട്രോളുന്ന #MunnaBhaiMBBS എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായി. ലേയിലെ സൈനിക ആശുപത്രി 1962 ന് മുമ്പേ നിലവിലുണ്ട്. ഒരു ബ്രിഗേഡിയറിനു കീഴില്‍ 300 ലധികം കിടക്കകളുണ്ട്. എന്നാല്‍ ബിജെപി കൊട്ടിഘോഷിക്കുന്ന ആസ്പത്രി സന്ദര്‍ശന ചിത്രം അവിടെവച്ചല്ല എടുത്തതെന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ട്രോളായി ഉയരുന്നത്.