ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സിറ്റി വീണ്ടും തലപ്പത്ത്


ലണ്ടന്‍:നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോളിന്റെ തലപ്പത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് സിറ്റി 62 പോയന്റുമായി ഒന്നാം സ്ഥാനത്ത് വന്നത്. ലിവര്‍പൂളിന് 62 പോയിന്റുണ്ട്. പക്ഷേ ഗോള്‍ ശരാശരിയിലാണ് സിറ്റി മുന്നില്‍. സിറ്റിക്കാര്‍ 26 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ലിവര്‍ 25 മല്‍സരങ്ങളിലാണ് കളിച്ചത്. അതിനാല്‍ തന്നെ സിറ്റിക്കാരുടെ ഈ വാഴ്ച്ച താല്‍കാലികമാക്കാന്‍ ലിവറിന് അവസരമുണ്ട്. ആവേശകരമായ മല്‍സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു സിറ്റിക്കാരുടെ ആദ്യ ഗോള്‍. ഡേവിഡ് സില്‍വയുടെ ഫ്രീകിക്കില്‍ നിന്നും ഐമറിക് ലാപോര്‍ട്ടെയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ എവര്‍ട്ടണാണ് ഗംഭീരമായി കളിച്ചത്. പക്ഷേ ഗോള്‍ മാത്രം ഒഴിഞ്ഞ് നിന്നു. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്നും വന്ന ഗബ്രിയേല്‍ ജീസസാണ് സിറ്റിയുടെ വിജയമുറപ്പാക്കിയ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.