മനുഷ്യന് പശുവിനേക്കാള്‍ മാന്യത ഉറപ്പാക്കണമെന്ന് പാര്‍ലമെന്റില്‍ ഇ.ടി

muhaന്യൂഡല്‍ഹി: മനുഷ്യവര്‍ഗത്തിന് പശുവിനെക്കാള്‍ അല്‍പ്പമെങ്കിലും മാന്യതയും സംരക്ഷണവും നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയുന്നതിനുള്ള ഭേദഗതി ബില്ലിന്റെ ചര്‍ച്ചാവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും പ്രഭാത പത്രങ്ങള്‍ പുറത്ത് വരുന്നത് കണ്ണുനീരിന്റേയും ചോരകളുടേയും ഒട്ടേറെ കഥകളുമായിട്ടാണ്. പട്ടികജാതി പട്ടികവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും നിരന്തരമായ അക്രമങ്ങള്‍ക്ക് വിധേയമാവുന്നു.
വിദ്യാഭ്യാസ അവസരങ്ങള്‍ പട്ടിക വിഭാഗത്തിന് അന്യമാവുകയാണ്. പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം, ഭരണകൂടത്തിന്റെ ശുഷ്‌ക്കാന്തി, പൊലീസ് തലത്തിലുള്ള പരിഷ്‌ക്കാര നടപടികള്‍, കോടതി തലത്തിലുള്ള പരിഷ്‌ക്കരണങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി ചെയ്യണം. പട്ടിക വിഭാഗക്കാരുടെ സംരക്ഷണത്തിന് പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം കോടതി സ്വന്തം ഇഷ്ടപ്രകാരം ഭേദഗതി ചെയ്യുന്നത് അപലപിക്കപ്പെടണം. ലക്ഷ്മണരേഖ ലംഘിക്കാന്‍ കോടതിയടക്കം ഒരു ഭരണഘടനാ സ്ഥാപനത്തിനും അവകാശമില്ല. ഈ ഭേദഗതി നിയമം പാസ്സാവുന്നത് ആരോഗ്യപരമായ നിയമനിര്‍മ്മാണ പ്രക്രിയയുടെ ദിശാ സൂചികയായിരിക്കും. ഈ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്താന്‍ നടപടികളെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ആസ്സാമിലെ പൗരത്വ രജസ്റ്റര്‍ പ്രശ്‌നവും, നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലും കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നും രാജ്യത്തെ സങ്കീര്‍ണ്ണമാക്കുന്ന നീക്കങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. ഗവണ്‍മെന്റ് ധനകാര്യ മാനേജ്‌മെന്റിനേക്കാള്‍ രാഷ്ട്രീയ മാനേജ്‌മെന്റിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. ഈ പ്രവണത അപകടകരമാണ്.
ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത ആക്രമണത്തിന് വിധേയമാകുന്നു. സര്‍ക്കാറിന്റെ അധര വ്യായാമം കൊണ്ട് കാര്യമില്ല, അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തവും വ്യക്തവുമായ നടപടികള്‍ എടുത്തേ പറ്റൂ. കാര്‍ഷിക മേഖല താങ്ങാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു ഫലപ്രദമായ യാതൊരു നടപടിയും ഗവണ്‍മെന്റ് എടുക്കുന്നില്ല. പൊന്നാനി മണ്ഡലത്തിലെ കടലോര പ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ പിടിയിലകപ്പെട്ടിക്കുന്നു. വീടുകളും കൃഷിയും ഒട്ടനവധി പേര്‍ക്ക് നഷ്ടമായി . വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്കയക്കാന്‍ തയ്യാറായത് നല്ലത് തന്നെ. കടലാക്രമണത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

SHARE