പൗരത്വ ഭേദഗതി നിയമവും മുസ്‌ലിം ലീഗും

ഇ.ടി മുഹമ്മദ് ബഷീര്‍

പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ ഈ നിമിഷം വരെ മുസ്‌ലിം ലീഗ് പാര്‍ട്ടി അര്‍ത്ഥവത്തായ സമരപോരാട്ടത്തിലാണ്.മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് എം എസ് എഫ് ദേശീയ നേതൃത്വങ്ങള്‍ ഇപ്പോഴും രാജ്യതലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് .തുടക്കം മുതല്‍ മുസ്‌ലിം ലീഗ് കൃത്യമായ ആസൂത്രണത്തോടെയും ലക്ഷ്യബോധത്തോടെയും ഈ വിഷയത്തില്‍ മുമ്പിലുണ്ട് , കോടതിയിലായാലും തെരുവിലായാലും . യോജിക്കാന്‍ പറ്റിയവരോടൊക്കെ യോജിച്ചു പ്രവര്‍ത്തിച്ചു . സുപ്രീം കോടതിയില്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുകയാണ് , അതിനെതിരെയും ഇടപെടല്‍ നടത്തുകയാണ് .

നമ്മള്‍ നടത്തുന്നത് നമ്മുടെ കടമയാണ് , നമ്മുടെ പൂര്‍വ്വികരായ നേതൃത്വം അത് നിറവേറ്റിയിരുന്നു . എന്തെങ്കിലുമൊക്കെ ചെയ്തു തീര്‍ത്തു എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ കാര്യമില്ല ; അര്‍ത്ഥപൂര്‍ണ്ണമായ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ മുന്നോട്ട് പോകുകയാണ് .
ഡല്‍ഹിയിലെ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നില്‍ക്കുകയാണ് നമ്മളിപ്പോള്‍ . അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുകയാണ് , ആശുപത്രിയിലും മറ്റും അവരെ സഹായിക്കുകയാണ് . സയ്യിദ് ഹൈദറലി തങ്ങളുടെ നിര്‍ദേശപ്രകാരം പിരിച്ചെടുത്ത തുക , ഇവിടെ വിതരണം ചെയ്തുവരികയാണ് .യാതൊരു നേട്ടത്തിനും വേണ്ടിയല്ല ഇതുചെയ്യുന്നത് , ഇത് ഏറ്റുവാങ്ങുന്നവര്‍ക്ക് മുസ്‌ലിം ലീഗ് പാര്‍ട്ടിയെ അറിയുക പോലുമുണ്ടാവില്ല . സര്‍വ്വശക്തന്റെ പക്കല്‍ നിന്ന് അര്‍ഹമായ പ്രതിഫലത്തിന് വേണ്ടിയാണ് നമ്മളിതൊക്കെ ചെയ്യുന്നത് .

പ്രത്യേകിച്ച് എടുത്തുപറയേണ്ടത് , യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന ശാഹീന്‍ ബാഗ് സ്‌ക്വയറിനെ കുറിച്ചാണ് ; തളരാത്ത മനോവീര്യവുമായി ഒരു മാസം പിന്നിട്ടിരിക്കുകയാണ് . അതുപോലെതന്നെ പോഷക സംഘടനകള്‍ യൂണിറ്റ് തലം മുതല്‍ വിവിധ പ്രതിഷേധ പരിപാടികളാണ് ഇക്കാലയളവില്‍ നടത്തിയത് .ദേശീയ സര്‍വ്വകലാശാലകളിലോ മറ്റോ എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ , എല്ലാ പരിപാടികളും മാറ്റിവെച്ച് യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കള്‍ ഓടിയെത്തും . അതുപോലെ ഓള്‍ ഇന്ത്യ കെ എം സി സിയും ഡല്‍ഹി കെ എം സി സിയുമെല്ലാം മുഴുവന്‍ സമയവും കര്‍മ്മനിരതരായി ഇവിടെയുണ്ട് .ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് നീങ്ങുകയാണ് മുസ്‌ലിം ലീഗ് സംഘം .

പഴുതടച്ച ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് , വേദന അനുഭവിക്കുന്നരെ ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള പാരമ്പര്യമാണ് നമുക്കുള്ളത് . മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും നമുക്കൊപ്പമുണ്ട് . ഒപ്പം സര്‍വ്വശക്തനോട് നമുക്ക് പ്രാര്‍ത്ഥിക്കാം .

SHARE