കെ.എം ഷാജിയുടെ പരാമര്‍ശം; മുഖ്യമന്ത്രിക്ക് ദൃഷ്ടിവൈകല്യവും അസഹിഷ്ണുതയുമാണ്

ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ്:


കെ.എം ഷാജി എം.എല്‍.എ യുടെ ഫേസ്ബുക്ക് പോസ്റ്റിനോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത ജനാധിപത്യ വിരുദ്ധമാണ്. പ്രളയം വന്നപ്പോഴും ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ദുരിത ബാധിതരെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് .പാര്‍ട്ടിയുടെ ജനപ്രതിനിധികളും കെ. എം സി.സി അടക്കമുള്ള പോഷക സംഘടനകളും ഈ രംഗത്ത് ചെയ്യുന്ന സേവനം ഇന്ന് വിദേശ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുകയാണ്. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും വസ്തുക്കളും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയ വിവരം മുഖ്യമന്ത്രി തന്നെയാണ് സമൂഹത്തെ അറിയിച്ചത്.

നിയമസഭാ അംഗം എന്ന നിലയിലുള്ള വേതനം കിട്ടാതിരുന്നിട്ടും ഒരു മാസത്തെ വേതനത്തിനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം നിലയില്‍ സംഭാവന നല്‍കിയ ഷാജിയുടെ മനസ്സ് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് കഴിയണമായിരുന്നു . മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതം വെച്ചുകൊടുത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ പോലും മറുപടി പറയാന്‍ ഇതുവരെ മുഖ്യമന്ത്രിക്ക് ആയിട്ടില്ല .എറണാകുളത്ത് പ്രളയഫണ്ട് തട്ടിപ്പില്‍ പങ്കാളികളായ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും ഇപ്പോള്‍ നിയമ നടപടി നേരിടുകയാണ്. സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗത്തിലെ സുതാര്യത ചോദ്യം ചെയ്ത കെ.എം ഷാജിയുടെ അഭിപ്രായത്തെ വികല മനസ്സായി കണ്ട മുഖ്യമന്ത്രിക്ക് ദൃഷ്ടി വൈകല്യമാണ്.

നിരപരാധികളായ ചെറുപ്പക്കാരെ ചരിത്രത്തില്‍ തുല്യതയില്ലാത്ത രീതിയില്‍ നിഷ്ടൂരമായി കൊന്നുതള്ളുകയും
കൊലയാളികളായ പാര്‍ട്ടി ക്രിമിനലുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ചിലവഴിക്കുന്നവര്‍ക്കുമാണ് വികല മനസ്സുള്ളത്. പൊതുപണം കൊലപാതികളെ രക്ഷിക്കാന്‍ ഉപയോഗിച്ചത് കേരളത്തിന് തന്നെ അപമാനമാണ്.

മുഖ്യമന്ത്രി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ കേരളീയര്‍ ഒരു മനസ്സോടെ രംഗത്തുണ്ടാവും. സര്‍ക്കാറുമായിസഹകരിക്കുന്നതിനൊപ്പം തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിക്കും. പ്രളയ കാലത്തെ പോലെ കോവിഡ് ഫണ്ടും വകമാറ്റി ചിലവഴിക്കുന്നതിന്നെതിരെയുള്ള ഒരു ജനപ്രധിനിധിയുടെ മുന്നറിയിപ്പ് രണ്ടാം കിട രാഷ്ട്രീയ
പ്രശ്‌നമാക്കി മാറ്റിയ മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാവണം.

SHARE