കര്‍ണാടക കേരളത്തോട് കാണിക്കുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനം; ഇ.ടി മുഹമ്മദ് ബഷീര്‍

ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വായിക്കാം:
ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു സ്റ്റേറ്റ് അതിര്‍ത്തി അടച്ചതിനാല്‍ അയല്‍ സംസ്ഥാനത്തെ അതിര്‍ത്തി ജില്ലയിലെ പത്ത് പേര്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുകയെന്നത് എത്ര ഗുരുതരമായ വിഷയമാണ്. രാജ്യാതിര്‍ത്തികള്‍ പോലും നിഷ്പ്രഭമായ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകം അടക്കി വാഴുന്നവര്‍പോലും നിസ്സഹായരായി കൈനീട്ടുമ്പോഴാണ് കേരളത്തിനോട് കര്‍ണാടക മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്നത്. മുഖ്യ ശത്രുവായ ചൈനയാണ് അമേരിക്കക്ക് കോറോണയെ അതിജീവിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ നല്‍കുന്നതെന്നതും ഇതിനോട് കൂട്ടിവായിക്കണം .

ദക്ഷിണ കര്‍ണാടകയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അത്യുത്തര കേരളത്തിലെ ജനങ്ങളുടെ സംഭാവന വിലമതിക്കാനാവാത്തതാണ്.
ദൈനംദിന കാര്യങ്ങള്‍ക്ക് പോലും മംഗലാപുരത്തിനെ ആശ്രയിക്കുന്ന കാസര്‍കോട് ജില്ലയിലെ ജനങ്ങളോട് ഈ പ്രതിസന്ധി ഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ക്രൂരവും ഫെഡറല്‍ വ്യവസ്ഥയുടെ നഗ്നമായ ലംഘനവുമാണ്.

ദേശീയ പാതപോലും പ്രാകൃതമായ രീതിയില്‍ മണ്ണിട്ടടച്ച കര്‍ണാടകയുടെ നിലപാട് തിരുത്തിക്കാന്‍ കേന്ദ്രം തയ്യാറാവണം. കാശ്മീരിന്റെ പ്രത്യേക പദവി ഒരു രാത്രികൊണ്ട് എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയുടെ അനീതിക്കുമേല്‍ കണ്ണടക്കുകയാണ്. അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്രം വൈകിയാല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വിഭവങ്ങള്‍ പരസ്പരം പങ്കിട്ട് അനുഭവിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്ത് ഇതുമൂലം ദൂരരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ഇന്നലെ നടന്ന ലൈറ്റണക്കല്‍ ചലഞ്ച് അടക്കം കേന്ദ്ര ഗവര്‍മെന്റിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പിണറായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ ആരെയാണ് പേടിക്കുന്നത്. കേരളത്തില്‍ കൊറോണ ഭീതി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ജില്ലയായ കാസര്‍കോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കി ഭാവിയില്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ജില്ലയെ പര്യാപ്തമാക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് തയ്യാറാകണം.