മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.

സിഎഎ എന്‍ആര്‍സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരെ യുഎപിഎ പോലുള്ള കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരം നേരിടേണ്ടി വരുമെന്നും ഇ.ടി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട തുറന്ന് കാണിക്കാനും, സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തിനെതിരെ സമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനുമായി ബ്രിട്ടന്‍ കെഎംസിസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശഹീന്‍ ബാഗ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആനുകാലിക രാഷ്ട്രീയ പശ്‌നങ്ങളും അവ നിയമപരമായി എങ്ങനെ നേരിടാമെന്നും വിശദീകരിച്ച് കൊണ്ട് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ: ഹാരിസ് ബീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത ന്യൂനപക്ഷങ്ങളനുഭവിക്കുന്ന ഇന്നത്തെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ അവരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയര്‍ത്തിക്കൊണ്ട് വരണമെന്നു തുടര്‍ന്ന് സംസാരിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ജനാതിപത്യ വിരുദ്ധ സര്‍ക്കാര്‍ നിലപാടുകളെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഓണ്‍ലൈന്‍ ഷഹീന്‍ ബാഗ് എന്ന രീതിയില്‍ ബോധവല്‍ക്കരണ പരിപാടി ബ്രിട്ടന്‍ കെഎംസിസി സംഘടിപ്പിക്കുന്നത്.