ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമായി തുരുന്നു. ലഖ്‌നൗവിലെ സിവില്‍ ആസ്പത്രിയിലേക്ക് മാറ്റിയ യുവതിയെ വിമാനം മാര്‍ഗം ഡല്‍ഹിലെത്തിക്കുമെന്നാണ് വിവരം. 90 ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ അവളുടെ നില ഗുരുതരമാണെന്ന് സിവില്‍ ആസ്പത്രി ഡയറക്ടര്‍ ഡോ. ഡി.എസ്. നേഗി പറഞ്ഞു. ഗുരുതരാവസ്ഥയിലായതിനാല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആസ്പത്രിയിലേക്ക് മാറ്റാനാണ് സാധ്യത.
അതേസമയം, തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ കൂട്ട ലൈംഗികാക്രമണത്തിനിരയാക്കി കൊലപ്പെടുത്തി തീകൊളുത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് ലൈംഗികാക്രമണം അതിജീവിച്ച ഉന്നോവയിലെ പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിയത്. ഒരിക്കല്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഇന്ന് വീണ്ടും അക്രമികളില്‍ നിന്നും നേരിട്ടത് ക്രൂരമായ പീഢനമെന്ന് റിപ്പോര്‍ട്ട്.
വീട്ടില്‍ നിന്ന് കോടതിയിലേക്ക് പുറപ്പെട്ട യുവതിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള തുറസായ ഇടത്തുവെച്ചാണ് പ്രതിയടങ്ങുന്ന സംഘം മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ പരാതി നല്‍കിയിരുന്ന ഇരയായ പെണ്‍കുട്ടിക്ക് നേരയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ കേസിലെ പ്രതിയടങ്ങുന്ന അഞ്ചുപേരാണ് യുവതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ബലാത്സംഗക്കേസിലെ വാദം കേള്‍ക്കുന്നതിനായി യുവതി റെയ്ബറേലിയിലേക്ക് പോവുകയായിരുന്നെന്നാണ് വിവരം. സംഭവ സമയത്ത് യുവതി തനിച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപടര്‍ന്ന ശരീരവുമായി യുവതി കുറച്ചുനേരം ഓടിയതായും രക്ഷപ്പെടുത്താനായി ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

‘അവള്‍ ഓടി വന്നു, സഹായത്തിനായി നിലവിളിച്ചു,’ ഭീകര സംഭവത്തിന് സാക്ഷിയായ രവീന്ദ്ര പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവ സ്ഥലത്ത് നിന്നും ഞാന്‍ അവളെ കണ്ടെത്തുന്നിടം വരെ ഒരു കിലോമീറ്ററോളം അവള്‍ ഓടുകയായിരുന്നു. അവളോട് ആരാണെന്ന് തിരക്കിയപ്പോള്‍ ഉന്നാവോയിലെ ഇന്നാളുടെ മകളാണെന്ന് പറഞ്ഞുവെന്നും, പ്രകാശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തുടര്‍ന്ന് ഞങ്ങള്‍ 100 ഡയല്‍ ചെയ്തു, അവളുടെ മുഖത്തിന് മുന്നില്‍ ഫോണ്‍ വെച്ചു, അങ്ങനെ അവള്‍തന്നെയാണ് പോലീസിനോട് കാര്യങ്ങള്‍ സംസാരിച്ചത്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. രവീന്ദ്ര പ്രകാശ് സംഭവം വിവരിച്ചു.
ആദ്യ പീഢന ശേഷം കേസിലെ പ്രധാന പ്രതിയായ യുവാവും പെണ്‍കുട്ടിയും വിവാഹിതരായിരുന്നു. എന്നാല്‍ വിവിധ പ്രശ്‌നങ്ങളാല്‍ പിന്നീട് പിരിയുകയും യുവതി കേസുമായി മുന്നോട്ടു പൊവുകയുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ബലാത്സംഗം ചെയ്‌തെന്ന പരാതി യുവതി പോലീസിന് നല്‍കിയത്. ഇതിനിടെ വ്യാഴാഴ്ച രാവിലെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.