ടൂറിസ്റ്റ് കേന്ദ്രത്തിലെ കാട്ടുപോത്ത് പിന്നാലെ ഓടിവന്നു; ഒടുക്കം സാഹസികമായ രക്ഷപ്പെടല്‍ വീഡിയോ

യുഎസിലെ ‘യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കി’ല്‍ എത്തിയ വിനോദ സഞ്ചാരികള്‍ കാട്ടു പോത്തുകളെ കണ്ട് പരിഭ്രാന്തരായി ഓടിയ വീഡിയോ വൈറലാവുന്നു. ഇവിടം സന്ദര്‍ശിക്കാനെത്തിയ ഒരുകൂട്ടം വിനോദസഞ്ചാരികളില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയും കാട്ടിനകത്ത് മേഞ്ഞുനടക്കുകയായിരുന്ന കാട്ടുപോത്തുകളുടെ അടുത്തേക്ക് ചെന്നു.

സന്ദര്‍ശകര്‍ ആരും തന്നെ കാട്ടുപോത്തുകളുടെ അടുത്തേക്ക് പോകരുതെന്ന് പാര്‍ക്ക് ജീവനക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയതാണ്. ഇവരുടെ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണം, മുമ്പ് ഇവിടെ ടൂറിസ്റ്റുകള്‍ക്ക് നേരെ പല തവണ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്.

ഏതായാലും കാട്ടുപോത്തുകള്‍ക്കടുത്തേക്ക് പോയ രണ്ട് പേരെയും കൂറ്റന്‍ രണ്ട് കാട്ടുപോത്തുകള്‍ ചേര്‍ന്ന് ഓടിച്ചു. തൊട്ടു-തൊട്ടില്ല എന്ന മട്ടിലാണ് ഓട്ടം. കയ്യിലകപ്പെട്ടാല്‍ അതോടെ സകലതും തീരുമെന്ന് നമ്മെ തോന്നിപ്പിക്കുന്നയത്രയും സാഹസികമായ രംഗം.

ഇതിനിടെ ഓട്ടം പിഴച്ച് സ്ത്രീ താഴെ വീഴുകയും ഒരു കാട്ടുപോത്ത് അവര്‍ക്കരികിലെത്തുകയും ചെയ്തു. അപ്പോഴേക്ക് ടൂറിസ്റ്റുകളുടെ സംഘം ദൂരെ നിന്ന് ബഹളം വച്ചുതുടങ്ങി. എന്നാല്‍ സ്ത്രീയുടെ സമീപത്ത് നിന്ന് അവരെ ഒന്നും ചെയ്യാതെ തന്നെ കാട്ടുപോത്ത് മടങ്ങി. ഇതിന് പിന്നിലെ രഹസ്യവും പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതായത്, വന്യമൃഗങ്ങളുടെ മനശാസ്ത്രം അല്‍പമൊക്കെ അറിയുമായിരുന്ന സ്്ത്രീ, കാട്ടുപോത്തിന്റെ കയ്യിലകപ്പെട്ടു എന്ന് മനസിലാക്കിയപ്പോള്‍, അനക്കമില്ലാതെ, മരിച്ചത് പോലെ കിടക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ഒന്ന് മണത്തുനോക്കിയ ശേഷം, അനക്കമൊന്നുമില്ലെന്ന് കണ്ട കാട്ടുപോത്ത് തിരിഞ്ഞുനടക്കുകയായിരുന്നു.

ഏതായാലും തക്ക സമയത്ത് ബുദ്ധിയുപയോഗിച്ചത് കൊണ്ട് ജീവന്‍ നഷ്ടമാകാതെ അവര്‍ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാവുകയായിരുന്നു.

SHARE