ഉണ്ണിക്കയുടെ ചായയ്ക്ക് ഇനി ഇരട്ടി സ്വാദാണ്; മകന്‍ പോലീസായി പിതാവ് ചായ നല്‍കുന്ന അതേ സ്റ്റേഷനില്‍

തൃശൂര്‍: എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാര്‍ ഇപ്പോള്‍ പറയും, ഉണ്ണിക്കയുടെ ചായയ്ക്ക് ഈയിടെ ഇരട്ടി സ്വാദാണ്. എരുമപ്പെട്ടി കറപ്പംവീട്ടില്‍ മുഹമ്മദ് എന്ന ഉണ്ണിക്കയ്ക്ക് ലോക്ക്ഡൗണിലും ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. പതിനെട്ടുവര്‍ഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നില്‍ ഉന്തുവണ്ടിയില്‍ ചായക്കട നടത്തുകയാണ് അദ്ദേഹം.

ഉണ്ണിക്ക കൊണ്ടുവരുന്ന ചായഗ്ലാസുകളിലൊന്ന് ഇപ്പോള്‍ സ്റ്റേഷനില്‍ അടുത്തിടെ സിവില്‍ പോലീസ് ഓഫീസറായി എത്തിയ സ്വന്തം മകനുകൂടിയായതുകൊണ്ടാണോ ചായക്കിത്ര മധുരമെന്നതാണ് രഹസ്യം.

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മൂത്തമകന്‍ കെ.എം. ഷാഹിദിന് ഒരു സര്‍ക്കാര്‍ജോലി കിട്ടണമെന്ന ആഗ്രഹമേ മുഹമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒരു നിയോഗമെന്നപോലെ ആദ്യമെത്തിയവിളി പോലീസ് സേനയിലേക്കും ഒടുക്കം തീര്‍ത്തും അപ്രതീക്ഷിതമായി എരുമപ്പെട്ടി സ്റ്റേഷനിലേക്കു നിയമനവും.

മകന്‍ അപേക്ഷ നല്‍കിയതുമുതല്‍ ഓരോ ചുവടിലും പോലീസ് സുഹൃത്തുക്കളുടെ ഉപദേശം കൂട്ടായുണ്ടായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരിശീലനം കഴിഞ്ഞ് നവംബര്‍ ഒന്നിനാണ് പാസിങ് ഔട്ട് പരേഡ് നടക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സഹായമേകാന്‍ ട്രെയിനികളെ വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കയക്കുകയായിരുന്നു. അങ്ങനെയാണ് മകന്‍ ഷാഹിദ് എരുമപ്പെട്ടി സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനുപിന്നിലെ വീട്ടില്‍ മുഹമ്മദ്, തന്റെ മൂന്നു മക്കളേയും ഭാര്യ ഐഷയേയും സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കൂടാതെയാണ് വളര്‍ത്തിയത്. മക്കളുടെ പഠനത്തിലും മുഹമ്മദ് ഏറെ ശ്രദ്ധ കാണിച്ചിരുന്നു. ഷാഹിദിനെ കൂടാതെയുള്ള രണ്ടുപെണ്‍മക്കളായ ഷാബിതയും ഷാജിതയും ബിരുദധാരികളാണ്. ഇവരുടെ വിവാഹവും കഴിഞ്ഞു. ചുമതലയേറ്റത്തിയ മകന് മുഹമ്മദ് ആദ്യമായി ചായകൊടുത്തപ്പോള്‍ അത് സ്റ്റേഷനില്‍ ആഘോഷമാവുകയായിരുന്നു.

SHARE