കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയതോടെ വിരസത മാറ്റാന്‍ ആളുകള്‍ സിനിമകളെയും വെബ് സീരീസുകളെയും മറ്റുമാണ് ആശ്രയിച്ചിരിക്കുന്നത്. കേരളത്തില്‍ കരിക്കും അര്‍ജ്യൂ റോസ്റ്റിങുമാണ് ആളുകള്‍ കാണുന്നതെങ്കില്‍ ലോകത്താകെ വെബ് സീരീസുകളായ മണി ഹെയ്സ്റ്റും ബ്രേക്കിങ് ബാഡുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ യൂട്യൂബ് റെക്കോര്‍ഡുകളെ തന്നെ മറികടക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ടര്‍ക്കിഷ് ഗെയിം ഓഫ് ത്രോണ്‍സ് എന്നറിയപ്പെടുന്ന ‘എര്‍ത്തുഗ്രുല്‍’ സീരിസ് എത്തി നില്‍ക്കുന്നത്.

പതിമൂന്ന് പതിനാല് നൂറ്റാണ്ടുകളില്‍ (1254/5- 1323/4) തുര്‍ക്കിഷ് മംഗോളിയരുടെ ഗോത്രനേതാവും ഓട്ടോമന്‍ സാമ്രാജ്യത്തിന് അടിത്തറ പാകിയ വീര യോദ്ധാവ് ഉസ്മാന്‍ ഒന്നാമന്റെ പിതാവുമായ എര്‍ത്തുഗ്രുല്‍ ഖാസിയുടെ ചരിത്രാഖ്യാനമാണ് ‘എര്‍ത്തുഗ്രുല്‍’ സീരിസ്. തുര്‍ക്കിയിലെ ഉഥ്മാനിയ ഖിലാഫത്ത് പറയുന്ന, അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകളുള്ള സീരീസിന് ലോക വ്യാപകമായി ദശലക്ഷ കണക്കിന് ആസ്വാദകരാനുള്ളത്.
ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴും എട്ടും സീസണുകള്‍ക്ക് പിന്നാലെ 2014 ലാണ് നെറ്റ്ഫ്‌ലിക്‌സ് ഡിറിലിസ് എര്‍ത്തുഗ്രുല്‍ ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. ഓട്ടോമന്‍ സാമ്രാജ്യം എങ്ങനെയുണ്ടായെന്ന ചരിത്രകഥ പറയുന്ന ഇതിഹാസ സീരീസ് ആദ്യ രണ്ട് സീസണുകളോടെ തന്നെ ആളുകള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണുണ്ടായത്.
2014 ഡിസംബര്‍ പത്തിനാണ് ടി.ആര്‍.ടി 1 എന്ന തുര്‍ക്കിഷ് ചാനലിലൂടെ ഡിറിലിസ് എര്‍ത്തുഗ്രുല്‍ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. തുടര്‍ന്ന് 2015, 16,17,18 കാലയളവുകളില്‍ അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകള്‍ പുറത്തിറങ്ങി .2019 മെയ് 29 നാണ് അവസാന എപ്പിസോഡ് പുറത്തിറങ്ങിയത്. ഇതോടെ ദശലക്ഷക്കണക്കിന് കാഴ്ചകാരാല്‍ നെറ്റ്ഫ്‌ലിക്‌സിലെ ട്രെന്റ് സീരീസായി ഡിറിലിസ് എര്‍ത്തുഗ്രുല്‍ മാറിയിരുന്നു.
ടര്‍ക്കിഷ് ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഈ പരമ്പര ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതിനുമുമ്പുള്ള കഥയാണ് പറയുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ഉസ്മാന്റെ പിതാവായ എര്‍ത്തുഗ്രുല്‍ ഗാസി പതിമൂന്നാം നൂറ്റാണ്ടില്‍ നടത്തിയ പോരാട്ടത്തെയും ഇസ്ലാമിക ഗ്രോത്ര ജീവതത്തെയുമാണ് ടിവി സീരീസ് തുറന്നുകാട്ടുന്നത്.
ആദ്യ ഭാഗം പുറത്ത് വന്നയുടന്‍ പരമ്പരയും കഥാപാത്രങ്ങളും തുര്‍ക്കിയില്‍ തരംഗമായി മാറി. തുടര്‍ന്ന് അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രേക്ഷക ശ്രദ്ധനേടിയ ജീവചരിത്ര പരമ്പരക്ക് പിന്നാലെ ലോക വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റാനുമായി. ഇസ്ലാമിക മൂല്യങ്ങളും, സൂഫി ആത്മീയ വഴികളും, പോരാട്ട ചരിതവും വരച്ചുകാട്ടുന്ന സീരീസ് മിഡില്‍ ഈസ്റ്റിലും ഈജിപ്ത് തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലും കടുത്ത പ്രേക്ഷക വൃന്ദത്തെയാണ് സ്വരൂപിച്ചത്.
മുസ്ലിം ലോകത്തിനു പുറമെ അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ വന്‍കരകളിലെല്ലാം ഡിറിലിസ് എര്‍ത്തുഗ്രുല്‍ തരംഗം സൃഷ്ട്ടിച്ചു. തുര്‍ക്കിയുടെ ഗെയിം ഓഫ് ത്രോണ്‍സ് എന്ന് പേരില്‍ പ്രചാരം നേടിയ പരമ്പര പലതവണ യൂറോപ്പ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ട്രെന്റ് ലിസ്റ്റ് ഇടംനേടുകയുമുണ്ടായി.
പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന ടെലിവിഷനായ പിടിവി സംപ്രേഷണം ചെയ്തതോടെ യൂട്യൂബ് ചാനലായ ‘ടിആര്‍ടി എര്‍ട്ടുഗ്രുലി’ല്‍ സീരീസ് പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് പുതിയ തരംഗം ആരംഭിച്ചത്. പാക്കിസ്ഥാനില്‍ എര്‍ത്തുഗ്രുലിന്റെ ഉറുദു മൊഴിമാറ്റം സര്‍വ്വ റിക്കോര്‍ഡുകളും ബേധിച്ചതായണ് റിപ്പോര്‍ട്ട്.യൂട്യൂബ് സംപ്രേക്ഷണം തുടങ്ങിയ ആദ്യ 16 ദിവസത്തിനുള്ളില്‍ 2 ദശലക്ഷം സസ്‌ക്രൈബേര്‍സാണ് ടിആര്‍ടി എര്‍ട്ടുഗ്രുല്‍ ചാനലിന് ഉണ്ടായത്. ഒരു മാസം അടുക്കാനായതോടെ യൂട്യൂബിലെ ഏറ്റവും പുതിയ വരിക്കാരുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ചാനല്‍. ഇതിനകം മൂന്ന് മില്ല്യനിലധികം സസ്‌ക്രൈബേര്‍സിനെ നേടിയ ഷോ 110 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. റെക്കോര്‍ഡ് തകര്‍ക്കാന്‍ 6.62 ദശലക്ഷം വരിക്കാരെയാണ് ആവശ്യം.
അതേസമയം, എര്‍ത്തുഗ്രുലിന്റെ ഉറുദു പതിപ്പ് യൂട്യൂബില്‍ പുറത്തായതോടെ ഇന്ത്യയിലടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും പ്രചാരത്തിലെത്തിയിരിക്കുയാണ് സീരിസ്. ഇസ്ലാമോഫോബിയയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രവണതയ്ക്കെതിരെ വലിയ സന്ദേശമാണ് സീരിസ് നല്‍കുന്നത്. ഇസ്ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും ഇസ്ലാമിക ചരിത്ര സിനിമകള്‍ നിര്‍മ്മിക്കാനും വേണ്ടി ഒരു ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നതിനെ കുറിച്ച് തുര്‍ക്കി, പാകിസ്ഥാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അതിനിടെ സീരിസിലെ താരത്തെ ഇന്ത്യാന്‍ നായകന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആമിര്‍ ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
സീരീസില്‍ സഹ നായകനായ ഡോഗന്‍ ആല്‍പ്പിനെ അവതരിപ്പിച്ച ജാവിത് ജെതിന്‍ ഗുണറിനൊണ് കൊഹ്ലിയുടെ അപരനാക്കി ആമിര്‍ വിശേഷിപ്പിച്ചത്. സീരീസില്‍ കോഹ്‌ലിയുടെ മുഖം കണ്ട് ഞെട്ടിയാണ് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ട്വീറ്റ് ചെയ്തത്.
“ബ്രദര്‍ ഇത് നിങ്ങള്‍ തന്നെയാണോ, ഞാന്‍ ആകെ ആശയക്കുഴപ്പത്തിലാണ്..”, വിരാട് കോഹ്ലിയെ ടാഗ് ചെയ്ത് ആമിര്‍ പോസ്റ്റ് ചെയ്തു.
കോഹ്ലിയോട് അസാമാന്യ സാദൃശ്യമുണ്ട് ആമിര്‍ പങ്ക് വെച്ച ചിത്രത്തിലെ നടന്റെ ലുക്ക്. ഇതോടെ എന്തായാലും ആമിറിന്റെ ഫോട്ടോയും സീരീസും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു.

സീരീസില്‍ പ്രധാന കഥാപാത്രമായ എര്‍ത്തുഗ്രുലിനെ എഞ്ചിന്‍ അല്‍താന്‍ ദുസിയത്തന്‍ അവതരിപ്പിച്ചപ്പോള്‍ പ്രധാന മറ്റ് കഥാപാത്രങ്ങളായ സുലൈമാന്‍ ഷാ, ഇബ്‌നു അറബി, ഹലീമേ ഹാത്തൂന്‍, ഗുന്ദോഗ്ത് ബേ, ഹലീമ സുല്‍ത്താന്‍ എന്നീ വേഷങ്ങളില്‍ യഥാക്രമം സെര്‍ദര്‍ ഖോഖന്‍, ഒസ്മാന്‍ സോയ്ക്കുത്ത്, ഹുല്യാ ദെര്‍ഗാന്‍, കാന്‍ തസ്‌നര്‍, എസ്രാ ബില്‍ജിക് എന്നിവര്‍ അഭിനയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ മെഹ്മത് ബോസ്റ്റാഗ് ആണ് സീരീസ് നിര്‍മ്മിച്ചത്. മെതിന്‍ ഗുനായ് സംവിധാനം ചെയ്തു. അല്‍പയ് ഗോക്ടെകിനാണ് സംഗീതം. ഡിറിലിസ് എര്‍ത്തുഗ്രുലിന് പിറകെ എര്‍ത്തുഗ്രുലിന്റെ മകന്‍ ഉസ്മാന്‍ ഖാസിയുടെ ചരിത്രാഖ്യാനമായ കുറുലുസ് ഉസ്മാനുമായി അണിയറ ശില്‍പ്പികള്‍ രംഗത്തുണ്ട്.