ആശ്വാസമായി എറണാകുളം ജില്ലയില്‍ നിന്നുള്ള വാര്‍ത്ത; പത്തുപേരുടെ ഫലം നെഗറ്റീവ്; 5312 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശ്വാസമായി ഒരു റിപ്പോര്‍ട്ട്. എറണാകുളം ജില്ലയില്‍ പത്തുപേരുടെ ഫലം നെഗറ്റീവാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇന്ന് 35 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചു. ഇനി ലഭിക്കാനുള്ളത് 75 സാമ്പിളുകളുടെ കൂടി ഫലം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഇന്ന് അഞ്ചുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 31 ആയി. നിലവില്‍ കോവിഡ്19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 7 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

പുതുതായി 648 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 869 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 5281 ആണ്. ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5312 ആണ്.

SHARE