ഇത് പാചകം പരീക്ഷിക്കേണ്ട കാലമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്: എറണാകുളം കലക്ടര്‍

കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍ സുഹാസ്. വരുംദിവസങ്ങളില്‍ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

ദയവായി ഭക്ഷണം പാഴാക്കരുതെന്നും അത്യാവശ്യത്തിനുള്ള ചേരുവകള്‍ മാത്രം ഉപയോഗിക്കണം എന്നുമാണ് പോസ്റ്റില്‍ പറയുന്നത്. സാധനങ്ങളുടെ അമിത ഉപയോഗം പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കാം. ആഢംബരമാണോ അത്യാവശ്യമാണോ എന്ന കാര്യം വിവേകത്തോടെ തെരഞ്ഞെടുക്കണം.

സാധനങ്ങള്‍ തീരുമ്പോള്‍ ഇടയ്ക്കിടെ പുറത്തിറങ്ങി കടകളിലേക്ക് പോകുന്നത് പോലും അപകടമുണ്ടാക്കാം. ധാരാളിത്തം വെടിഞ്ഞ് മിതമായ ജീവിത രീതി സ്വീകരിക്കേണ്ട ഒരു സമയമാണിത്..പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്-കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.