ആലുവയിൽ അ‌ർധരാത്രി മുതൽ കർഫ്യൂ; നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബാധകം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.  ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല എന്നിവയാണ് കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. കർഫ്യൂ മേഖലയിൽ രാവിലെ ഏഴു മുതൽ ഒൻപത് മണി വരെ മൊത്തവിതരണവും 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വിൽപനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

സമ്പര്‍ക്കവ്യാപനം തുടരുന്ന ആലുവയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ജില്ലാതല കോവിഡ് അവലോകനയോഗം വിലയിരുത്തി. കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത് കര്‍ഫ്യൂ.

കോവിഡ് ക്ലസ്റ്ററുകളായതിനാല്‍ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും നേരത്തേ തന്നെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളായിരുന്നു. വലിയ വ്യാപനം ഇല്ലാതിരുന്ന മറ്റു പഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നു കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാക്കി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി.