കോട്ടയം: എറണാകുളത്ത് കോവിഡ് വ്യാപനമെന്ന് സൂചന നല്‍കി വിവിധ മേഖലകളില്‍ കനത്ത ജാഗ്രത തുടരുന്നു. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മേഖലകളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂര്‍ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ 26 വരെ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. കുടൂതല്‍ ആന്റിജന്‍ പരിശോധനകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, എറണാകുളത്ത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് വാര്‍ഡ് (14), കാലടി പഞ്ചായത്ത് വാര്‍ഡ് (8), കുമ്പളം വാര്‍ഡ് (2), ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ് (11), മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാര്‍ഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാണ്. എടത്തല പഞ്ചായത്തിലെ 5, 14 വാര്‍ഡുകള്‍, ശ്രീമൂലനഗരം പഞ്ചായത്തിലെ വാര്‍ഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
എറണാകുളം ജില്ലയില്‍ ഇന്നലെ 97 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ കൂടുതല്‍ രോഗികള്‍. 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ ക്ലസ്റ്ററില്‍ 37 പേര്‍ക്കും കീഴ്മാട് ക്ലസ്റ്ററില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പൊസീറ്റിവായതോടെ രണ്ട് ദിവസത്തിനിടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 14 ആയി. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 764 പേരാണ്. എട്ട് പേര്‍ കൂടി രോഗമുക്തി നേടി.