ന്യൂയോര്‍ക്ക്: ദുരിതം വിതച്ച കോവിഡ് മഹാമാരിക്കാലം നേട്ടങ്ങളുണ്ടാക്കിയ കുറച്ചു പേരുണ്ട്. അതില്‍ പ്രധാനിയാണ് ടെലികോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം സ്ഥാപകന്‍ എറിക് യുവാന്‍. വീടുകളെല്ലാം ഓഫീസായതോടെ, കോണ്‍ഫറന്‍സ് നടത്താന്‍ വഴിയന്വേഷിച്ചു നടക്കവെയാണ് സൂം ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. ആഗോളതലത്തില്‍ ഒരു ദിവസം 343,000 തവണ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍ 18 ശതമാനവും യു.എസിലാണ്.
തലവര തെളിഞ്ഞ് യുവാന്‍
സൂമിനൊപ്പം കമ്പനി സി.ഇ.ഒ എറിക് യുവാന്റെയും തലവര തെളിഞ്ഞു. ഫോബ്‌സിന്റെ ഏറ്റവും പുതിയ പട്ടികിയില്‍ 5.5 ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയുമായി യുവാന്‍ ഇടംപിടിച്ചു. യുവാന് പുറമേ, 177 പുതുമുഖങ്ങളാണ് ഇത്തവണത്തെ പട്ടികയില്‍ ഇടംപിടിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് ആഗോളതലത്തിലെ ഒന്നാമത്തെ സമ്പന്നന്‍. ആസ്തി 113 ബില്യണ്‍ യു.എസ് ഡോളര്‍. മൈക്രോസോഫ്സ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് രണ്ടാമതും എല്‍.വി.എം.എച്ച്.എഫ് സി.ഇ.ഒ ബര്‍ണാള്‍ഡ് ആര്‍ണോള്‍ഡ് മൂന്നാമതുമുണ്ട്.
ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ തൈയാനില്‍ ജനിച്ച യുവാന്‍ 1990കളുടെ മദ്ധ്യത്തില്‍ യു.എസിലേക്ക് ചേക്കേറി. ഇപ്പോള്‍ യു.എസ് പൗരനാണ്. 2011ലാണ് യുവാന്‍ സൂം സ്ഥാപിക്കുന്നത്. 2013ല്‍ ആപ്ലിക്കേഷന്‍ സജ്ജമായി.

2013 മെയില്‍ പത്തു ലക്ഷം പേരാണ് സൂം ഡൗണ്‍ലോഡ് ചെയ്തത്. 2014 ജൂണില്‍ അതു ഒരു കോടി പേരായി. സ്ഥാപിക്കപ്പെട്ട ശേഷം ഒരു 100 കോടി യോഗങ്ങള്‍ക്കാണ് സൂം ഉപയോഗിക്കപ്പെട്ടത്. 2019ല്‍ സൂം യു.എസ് ഓഹരിവിപണിയില്‍ രജിസ്റ്റര്‍ ചെയ്തു.
കോവിഡ് കാലത്തെ സൂം
വര്‍ക്ക് അറ്റ് ഹോമാണ് സൂമിനെ കമ്പനികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയത്. മിക്ക കമ്പനികളും യോഗങ്ങള്‍ സൂം വഴിയാക്കി. ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സൂം ഉപയോഗിച്ചു. നിരവധി രാഷ്ട്രങ്ങളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെയുള്ള സ്‌കൂള്‍ പഠനത്തിന് സൂം സൗജന്യമായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
2020 വര്‍ഷത്തെ ആദ്യ മാസങ്ങളില്‍ മാത്രം സൂം നേടിയത് 2.2 ദശലക്ഷം ഉപഭോക്താക്കളെയാണ്. 2020 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുകയും ചെയ്തു. ഒരു ഓഹരിക്ക് 160.98 യു.എസ് ഡോളര്‍. ആദ്യമായി ലിസ്റ്റ് ചെയ്ത ഓഹരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 263 ശതമാനം വര്‍ദ്ധന.
നൂറു പേര്‍ക്ക് വരെ നിലവില്‍ സൂം വഴിയുള്ള കോണ്‍ഫറന്‍സില്‍ ഒരേസമയം പങ്കെടുക്കാനാകും. നാല്‍പ്പത് മിനിറ്റാണ് സമയപരിധി. ഇതില്‍ക്കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യണം. മറ്റു എല്ലാ ആപ്ലിക്കേഷനുകളെ പോലെ കമ്പനിയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം നേരിടുന്നുണ്ട്.