ഇശല്‍ സുല്‍ത്താന് വിട

തലശ്ശേരി: ശ്രവണ സുന്ദരങ്ങളായ അനേകം മാപ്പിളപ്പാട്ടുകള്‍ ആസ്വാദക ലോകത്തിന് സമ്മാനിച്ച ഇശല്‍ സുല്‍ത്താന്‍ എരഞ്ഞോളി മൂസ (79)നിര്യാതനായി. ഇന്നലെ ഉച്ചക്ക് തലശ്ശേരി ചാലിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യയിലും, വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. വിവാഹ വീടുകളില്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ വിദേശ നാടുകളില്‍ അഞ്ഞൂറോളം സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
മലയാളം ചാനലുകളിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിരുന്ന അദ്ദേഹം പുതുതലമുറയിലെ ഗായകര്‍ക്ക് മാപ്പിളപ്പാട്ടിന്റെ രാഗ, താള, ലയ വിസ്മയങ്ങളെക്കുറിച്ചും ഗാനങ്ങളുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും മണ്‍മറഞ്ഞുപോയ പ്രശസ്തരും അല്ലാത്തവരുമായ ഗായകരുടെയും, ഗാന രചയിതാക്കളുടെയും സംഭാവനകളെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കിയിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകനായിരുന്നു എരഞ്ഞോളി മൂസ. മലബാറിലെ കലാകാരന്മാര്‍ നാവില്‍ മൂളുന്ന ഇശലിന്റെ സംഗീതത്തില്‍ പലതും അനശ്വരമാക്കിയത് മൂസാക്ക എന്ന എരഞ്ഞോളി മൂസയായിരുന്നു. തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കലാവാസന ജനഹൃദയങ്ങളിലേക്കും പുതുതലമുറയിലേക്കും കൈമാറ്റം ചെയ്യാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. തലശ്ശേരിക്കടുത്ത എരഞ്ഞോളിക്കാരനായ വലിയകത്ത് മൂസയാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വര്‍ഷം സംഗീതം പഠിച്ചു.
‘അരിമുല്ല പൂമണം ഉള്ളോളെ…അഴകിലേറ്റും ഗുണമുള്ളോളെ’ എന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ട് ജീവിതം ആരംഭിക്കുന്നത്. തലശ്ശേരി മാപ്പിള കലാകേന്ദ്രത്തിന്റെ പ്രഥമ ഒ ആബു സ്മാരക പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1940 മാര്‍ച്ച് മാസം ജനിച്ച എരഞ്ഞോളി മൂസ എരഞ്ഞോളി വലിയകത്തെ ആസ്യയുടെയും അബുവിന്റെയും മകനാണ്. കുഞ്ഞാമിയാണ് ഭാര്യ. മക്കള്‍: നസീര്‍, നിസാര്‍, നസീറ, അമീന, ഷാജിത, സാദിക്ക് മരുമക്കള്‍: എംകെ ഉസ്മാന്‍, ടി അസ്‌കര്‍, ഷമീസ്, ഫൗസിയ, ഷഹനാസ്, സീനത്ത്.
മൃതദേഹം ഇന്ന് രാവിലെ 9മുതല്‍ 11വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11.30ന് മട്ടാമ്പ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

SHARE