അല്‍ അസദ്: അമേരിക്കയോട് പ്രതികാര നടപടിയുമായി ഇറാന്‍ രംഗത്ത്. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായി. ഇറാന്‍ സൈനിക തലവന്‍ സുലൈമാനിയെ വധിച്ചതിന്റെ തിരിച്ചടിയായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇറാന്‍ ഒരു ഡസനിലധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
ഇറാന്റെ സൈനിക വിഭാഗങ്ങളിലൊന്നായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പത്തോളം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇവര്‍ അവകാശപ്പെടുന്നു. ഇറാനിലെ ജനകീയനായ സൈനിക മേധാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസിം സുലൈമാനിയെ ഇറാഖിലെ ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിക്കുകയായിരുന്നു.
സുലൈമാനിയുടെ മരണത്തിന് പിന്നാലെ അമേരിക്ക, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇസ്രായേല്‍, എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ യുദ്ധഭീഷണി മുഴക്കി. 2500 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമിക്കാന്‍ തക്ക പ്രാപ്തമായ മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു.