കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കങ്ങള്‍ ഫെഡറല്‍ നയത്തിന് ഭീഷണിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ നയങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പതിനഞ്ചാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. ജൂലൈ ആദ്യത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച് പിന്തുണ വാങ്ങിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെച്ച വിഹിതം കേന്ദ്രം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന തോന്നല്‍ ശക്തിപ്പെടുമെന്ന് മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സംസ്ഥാനങ്ങള്‍ക്ക് താല്‍പര്യമുള്ള ചില അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ വിശാലമായ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതൃപ്തിയും കലഹവുമുണ്ടാകും. അത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് നല്ലതല്ല-മന്‍മോഹന്‍ സിങ് പറഞ്ഞു.