ഇന്ന് മാഞ്ചസ്റ്റര്‍ യുദ്ധം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ നഗരവൈരികളുടെ പോരാട്ടം. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ ഒന്നാമന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തിലാണ് സീസണിലെ പന്ത്രണ്ടാം മത്സരത്തില്‍ യുനൈറ്റഡുമായി ഏറ്റുമുട്ടുന്നത്. പഴയ പ്രതാപത്തിന്റെ നിഴലിലല്ലെങ്കിലും സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ചുവന്ന കുപ്പായക്കാര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ പന്തുതട്ടാനൊരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടം എന്നതിനേക്കാള്‍ പെപ് ഗ്വാര്‍ഡിയോളയുടെയും ഹോസെ മൗറീന്യോയുടെയും വ്യത്യസ്ത ശൈലികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണിത്.
അറബിപ്പണത്തിന്റെയും പെപ് ഗ്വാര്‍ഡിയോളയുടെ കൗശലങ്ങളുടെയും പിന്‍ബലത്തില്‍ ലോകത്തെ കരുത്തരായ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഡെര്‍ബിയില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍, പുറത്താക്കപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെ ക്ലബ്ബിന് തുടര്‍ച്ചയായ വിജയങ്ങള്‍ സമ്മാനിക്കുന്ന മൗറീന്യോക്ക് ഇന്ന് ജയിക്കാനായാല്‍ അത് ഫുട്‌ബോള്‍ ലോകത്തെ വലിയ വാര്‍ത്തകളിലൊന്നാവും. ഇരുടീമുകള്‍ക്കും കരുത്തരായ കളിക്കാരുണ്ടെങ്കിലും തന്ത്രങ്ങളിലെയും സമീപനത്തിലെയും വ്യത്യാസമാണ് പോയിന്റ് ടേബിളില്‍ പ്രതിഫലിക്കുന്നത്. പന്ത് കാലിലുള്ളപ്പോഴൊക്കെ എതിര്‍ ഹാഫ് ആക്രമിക്കുകയും പന്ത് നഷ്ടപ്പെടുമ്പോള്‍ വീണ്ടെടുക്കാനായി സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതാണ് ഗ്വാര്‍ഡിയോളയുടെ ശൈലി. 11 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടാന്‍ നീലക്കുപ്പായക്കാര്‍ക്ക് കഴിഞ്ഞതിനു പിന്നില്‍ ഈ സമീപനം തന്നെയാണ്. എന്നാല്‍, സ്വന്തം ഹാഫ് പ്രതിരോധിക്കാനും പ്രത്യാക്രമണങ്ങളിലൂടെ ലക്ഷ്യം കാണാനും ശ്രമിക്കുന്ന യുനൈറ്റഡിന് 19 ഗോളുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. സിറ്റി വെറും നാല് ഗോളുകളാണ് വഴങ്ങിയതെങ്കില്‍ ഡേവിഡ് ഡിഗയ കാക്കുന്ന വലയില്‍ 18 തവണ പന്ത് കയറിയിറങ്ങി.
29 പോയിന്റാണ് ടേബിളിലെ മുന്‍നിരക്കാരായ സിറ്റിക്കുള്ളതെങ്കില്‍ 20 പോയിന്റോടെ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്. ലീഗില്‍ അവസാനം കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ യുവന്റസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതിന്റെ ആത്മവീര്യം ഇന്ന് യുനൈറ്റഡിനെ തെല്ലൊന്നുമാവില്ല സഹായിക്കുക. അതേസമയം, ഷാഖ്തര്‍ ഡോണസ്‌കിനെ അവരുടെ ഗ്രൗണ്ടില്‍ മൂന്നു ഗോളിന് തകര്‍ത്തത് സിറ്റിയുടെ മികവിനും അടിവരയിടുന്നു.
പെപ് ഗ്വാര്‍ഡിയോള സിറ്റിയില്‍ ചുമതലയേറ്റതിനു ശേഷം കൂടുതല്‍ മികവും സ്ഥിരതയും പ്രകടിപ്പിക്കുന്നത് സിറ്റിയാണെങ്കിലും പരസ്പരമുള്ള നേരങ്കങ്ങളില്‍ സ്ഥിതി അതല്ലെന്നതാണ് ഇന്നത്തെ മത്സരത്തില്‍ യുനൈറ്റഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം യുനൈറ്റഡ് ജയിച്ചപ്പോള്‍ സിറ്റി രണ്ടെണ്ണത്തിലേ ജയിച്ചുള്ളൂ. 2018-ല്‍ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദിലെ ആ മത്സരത്തില്‍ ജയം രണ്ടിനെതിരെ മൂന്നു ഗോളിന് യുനൈറ്റഡിനൊപ്പം നിന്നു. 30 മിനുട്ടിനിടെ രണ്ട് ഗോളിനു മുന്നിലായിരുന്ന ആതിഥേയരെ പോള്‍ പോഗ്ബയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ചെമ്പട കീഴടക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലെ ആ ഞെട്ടല്‍ മനസ്സിലുള്ളതിനാല്‍ ഗ്വാര്‍ഡിയോളയുടെ സംഘം കൂടുതല്‍ കരുതല്‍ പാലിക്കുമെന്നതില്‍ സംശയമില്ല.
ഏഴ് ഗോളുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സെര്‍ജിയോ അഗ്വേറോയും ആറ് പോയിന്റുമായി തൊട്ടുപിന്നിലുള്ള റഹീം സ്റ്റര്‍ലിങ്ങുമാണ് സിറ്റിയുടെ ടോപ് സ്‌കോറര്‍മാര്‍. അഞ്ച് ഗോളടിച്ച ആന്റണി മാര്‍ഷ്യല്‍ ആണ് യുനൈറ്റഡിന്റെ പ്രധാന ഗോള്‍വേട്ടക്കാരന്‍. അഞ്ച് അസിസ്റ്റുമായി ബെഞ്ചമിന്‍ മെന്‍ഡിയും സ്റ്റര്‍ലിങ്ങും ആ ഗണത്തില്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ മൂന്ന് അസിസ്റ്റുമായി പോഗ്ബയാണ് യുനൈറ്റഡിലെ മുമ്പന്‍.
പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രധാന മത്സരത്തില്‍ ചെല്‍സിയും എവര്‍ട്ടനും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. 27 പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ചെല്‍സി. അത്രതന്നെ പോയിന്റുള്ള ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും കരുത്തരായ ആര്‍സനല്‍ വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനെയും നേരിടുന്നു.

SHARE