ലോകകപ്പിന് തൊട്ടരികെ ഇന്ത്യന്‍ വനിതകള്‍ പതറി; ഇംഗ്ലണ്ടിനോട് തോല്‍വി 9 റണ്‍സിന്

ലണ്ടന്‍: തൊട്ടരികില്‍-വളരെ അരികില്‍ ഇന്ത്യന്‍ വനിതകള്‍ പതറി…. ഒമ്പത് റണ്‍സിന്റെ അകലത്തില്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം വരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് വനിതകള്‍ വിട്ടുകൊടുത്തില്ല. 49-ാമത്തെ ഓവറില്‍ ഇന്ത്യയുടെ അവസാന താരത്തെയും പുറത്താക്കിയാണ് ആതിഥേയര്‍ ലോര്‍ഡ്‌സില്‍ അരങ്ങ് തകര്‍ത്തത്. 219 റണ്‍സാണ് ഇന്ത്യ നേടിയത്. 46 റണ്‍സ് മാത്രം നല്‍കി ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അന്യ ഷ്രുബ് സോലെയാണ് കളിയിലെ താരം.


229 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് സ്മൃതി പൂജ്യത്തിന് പുറത്തായി. പിന്നാലെ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിഥാലി രാജ് റണ്ണൗട്ടായി. രണ്ട് വിക്കറ്റിന് 43 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും (51) ഓപണര്‍ പൂനം റാവത്തിന്റേയും ബാറ്റിങാണ് കരുത്തു പകര്‍ന്നത്. 80 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. ഓപണര്‍ റാവത്ത് തകര്‍പ്പന്‍ ഫോമിലാണ് കളിച്ചത്. അനാവശ്യ ഷോട്ടിന് ഹര്‍മന്‍ പുറത്താപ്പോഴും റാവത്ത് പോരാട്ടം തുടര്‍ന്നു. 86 ല്‍ റാവത്ത് പുറത്താവുമ്പോള്‍ പ്രതീക്ഷ വേദ കൃഷ്ണമൂര്‍ത്തിയായിരുന്നു. വേദയും സുന്ദരമായി കളിച്ചു. പക്ഷേ സമ്മര്‍ദ്ദ ഘട്ടത്തില്‍ പൊരുതി നില്‍ക്കാനായില്ല, നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 228 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുന്‍ ചാമ്പ്യന്മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. നഥാലി സിവര്‍ (51), ബ്രണ്ട് (34), ടെയ്‌ലര്‍ (45) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. 68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സിവറാണ് ഇംഗ്ലീഷ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ടെയ്‌ലര്‍ 62 പന്തില്‍ നിന്ന് 45 ഉം, ബ്രണ്ട് 42 പന്തില്‍ നിന്ന് 34 റണ്‍സും നേടി. 38 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെന്നി ഗണ്ണും 11 പന്തില്‍ നിന്ന് 14 ലോറ ഗണ്ണും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 164 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ വാലറ്റമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.