യന്ത്രത്തകരാര്‍: നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത് ഇറക്കി

മണ്ണഞ്ചേരി(ആലപ്പുഴ): യന്ത്രത്തകരാറിനെത്തുടര്‍ന്ന് പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റും അപകടമില്ലാതെ രക്ഷപെട്ടു.സതേണ്‍ നേവല്‍ കമാന്റിന്റെ ഐ. എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ കാവുങ്കലിന് കിഴക്കുവശം വടക്കേ പെരുന്തുരുത്ത് കരി പാടശേഖരത്ത് ഇറക്കിയത്. തകരാര്‍ പരിഹരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് ഹെലികോപ്റ്റര്‍ കൊണ്ടുപോയത്.

മുംബൈയ്ക്ക് കൊണ്ടു പോകേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് നേവല്‍ എയര്‍ സ്‌റ്റേഷനായ കൊച്ചി ഐ.എന്‍.എസ് ഗരുഡയില്‍ നിന്ന് പുറപ്പെട്ടത്. ലഫ്റ്റനന്റ് ബല്‍വിന്ദര്‍, മലയാളിയായ ലെഫ്റ്റനന്റ് കിരണ്‍ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പുറപ്പെട്ട് ഒന്നേകാല്‍ മണിക്കൂറിന് ശേഷം എഞ്ചിനില്‍ ഓയില്‍ പ്രഷര്‍ കുറവാണെന്ന മുന്നറിയിപ്പ് സിഗ്‌നല്‍ കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 11.30 ഓടെ ഹെലികോപ്റ്റര്‍ മുഹമ്മയിലെ കരിയില്‍ പാടത്തേക്ക് ഇറക്കിയത്.

നേവല്‍ കമാന്റില്‍ വിവരമറിയിച്ചതനുസരിച്ച് രണ്ട് ഹെലികോപ്റ്ററുകളിലായി ആറംഗ സംഘം ഇവിടെ എത്തി.മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് പരിഹരിച്ച ശേഷം 2.45 ഓടെയാണ് ഹെലികോപ്റ്റര്‍ തിരികെ കൊണ്ടുപോയത്. ഹെലികോപ്റ്റര്‍ നിലത്തിറക്കിയതറിഞ്ഞ് മുഹമ്മ, മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. നൂറുകണക്കിനാളുകളും തടിച്ചുകൂടി.