ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ബാംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാന്‍ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത്. തുടര്‍ന്ന് ഐശ്വര്യ ഹാജരാവുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായിരിക്കുകയാണ് ഡി.കെ ശിവകുമാര്‍. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

സമന്‍സിനു പിന്നാലെ, ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ശിവകുമാറിന്റെ പണമിടപാടുകള്‍ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്.

അതിനിടെ, ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം ഡല്‍ഹി പ്രത്യേക കോടതി തള്ളി. പ്രതിദിനം അനുവദിക്കുന്ന 30 മിനിറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി. അന്നു വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും.

SHARE