ദേശീയ മിഷന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; രാഹുലിന്റെ അക്രമണ ശൈലിയെ പിന്തുണച്ച് ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരവും ദേശീയ രാഷ്ടീയത്തില്‍ ബിജെപിക്കെതിരെ അദ്ദേഹം പുലര്‍ത്തുന്ന അക്രമണ ശൈലിയും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാവുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ വിഷയങ്ങളിലും മോദി ഭരണ പരാജയങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. ബിജെപി ദേശീയതയില്‍ തൊട്ടുകളിക്കുന്ന കശ്മീര്‍ ചൈന വിഷയങ്ങളില്‍ പോലും അക്രമണ ശൈലിയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ടിവി ചര്‍ച്ചകളിലും അടക്കം അഗ്രസീവായ പുതിയൊരു ടീമിനെ രാഹുല്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബിജെപി വ്യക്താക്കള്‍ക്കെതിരെ ടിവി ചാനലുകളില്‍ താരമാവുന്ന പവന്‍ ഖേരയാണ് രാഹുലിന്റെ ഡിജിറ്റല്‍ ഇടത്തിലെ പുതിയ മുഖമായി ഇപ്പോള്‍ അറിയപ്പെടുന്നതെന്നത് ഇതിന് ഉദാഹരണമാണ്.

ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്ര സമയം വേണമെങ്കിലും മാറ്റിവെക്കുമെന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ രാഹുല്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നേതാക്കളുമായുള്ള വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയും ചെയ്തതോടെ തിരിച്ചുവരവ് ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ബിജെപിയെ മുഖ്യ ശത്രുവാക്കി കണ്ട് പ്രചരണത്തിനിറങ്ങാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ബിജെപിയുടെ കളിപ്പാവയായി മാറിയ നിതീഷ് കുമാര്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വളരെ പിന്നിലാണെന്നാണ് അനലറ്റിക്‌സ് സൂചിപ്പിക്കുന്നതെന്നതാണ് കാരണം.

ബീഹാറില്‍ സോഫ്റ്റായിട്ടുള്ള സമീപനമില്ലെന്ന് അറിയിച്ച രാഹുല്‍ തന്റെ ആദ്യ മിഷനും രാഹുല്‍ പ്രഖ്യാപിച്ചതായാണ് വിവരം.. അഗ്രസീവായിട്ടുള്ള ബിജെപിയെ കൗണ്ടര്‍ അറ്റാക്കിലൂടെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് മുന്നോട്ട് വെക്കുന്നത്. വിമര്‍ശനങ്ങളാല്‍ എതിര്‍നേതാക്കളെ പരമാവധി പ്രകോപിപ്പിക്കാനുള്ള നിര്‍ദ്ദേശമാണ് രാഹുല്‍ മുന്നോട്ടുവെക്കുന്നത്. ഇതിനായി അഗ്രസീവായ ഒരു ടീമിനെയും കളത്തില്‍ ഇറക്കുന്നുണ്ട്. ഇതിനിടെ സോഷ്യല്‍മീഡിയയെ ലക്ഷ്യംവെച്ച് കരുത്തുറ്റ ഡിജിറ്റല്‍ ടീമും കോണ്‍ഗ്രസ് ബീഹാറില്‍ സജീവമാക്കിയിട്ടുണ്ട്. ഗിരിരാജ് സിംഗ് അടക്കമുള്ള നേതാക്കളില്‍ നിന്ന് വിവാദമായ പ്രസ്താവനകളും രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, യുപിയില്‍ യോഗിക്കെതിരേയും ദേശീയ വിഷയങ്ങളില്‍ മോദിക്കെതിരേയും രാഹുലും പ്രിയങ്കയും തുടരുന്ന അക്രമണ ശൈലിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശന സ്വരമുയരുന്നതായ റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ സിന്ധ്യക്ക് പിന്നാലെ ബിജെപി ബന്ധമുള്ള നേതാക്കളെ ഓരോന്നായി പാര്‍ട്ടിക്ക് പുറത്തേക്ക് വഴിയൊരുക്കാനാണ് ദേശീയതയെ രാഹുല്‍ കൂട്ടുപിടിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങല്‍ നല്‍കുന്ന സൂചന.

ഇതിനിടെ രാഹുലിന്റെ അക്രമണ ശൈലിയെ പിന്തുണച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി.

ഇന്ത്യയിലെയും യുപിയിലെയും ദേശീയ താല്‍പ്പര്യ വിഷയങ്ങളില്‍ രാഹുല്‍ ജിയും പ്രിയങ്ക ജിയും സ്വീകരിക്കുന്ന ആക്രമണാത്മക നിലപാടിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നതായി സിങ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇത് വിലമതിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസില്‍ യുവ നേതാക്കളെവെച്ച് പുതിയ ഫോര്‍മുല നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രാഹുല്‍, മികച്ച ഒരു സീനിയര്‍ ടീമിനേയും കൂടെ സജ്ജമാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍ പാര്‍ട്ടിയുടെ ഓരോ മേഖലയിലും നടപ്പാക്കാനാണ് യൂത്ത് ടീം ലക്ഷ്യമിടിന്നത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായതും സമീപ കാലത്ത് ട്വിറ്റര്‍ ട്രെന്റിങുകളില്‍ ബിജെപി മറികടന്ന് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ മുന്നിട്ട് വന്നതും ഇതിന്റെ ഉദാഹരണമാണ്. അതേസമയം മുതര്‍ന്ന നേതാക്കള്‍ക്ക്് ആര്‍ക്ക് അതൃപതി ഇല്ലെന്ന് ഉറപ്പാക്കാന്‍ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നിര്‍ദ്ദേശവും പുതിയ ഫോര്‍മുലയിലുണ്ട്. നിര്‍ണായകമായ ചില മാറ്റങ്ങള്‍ സോണിയക്ക് കീഴില്‍ തന്നെ കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

മോദിയെ വിമര്‍ശിച്ച സീനിയേഴ്സില്‍ പലര്‍ക്കും കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ടതോടെ മോദിക്കും ആര്‍എസ്എസിനോടും അനുകൂല നയവുമായി പലരും ജൂനിയര്‍ ടീമിലും സീനിയര്‍ ടീമിലും ഉയര്‍ന്നുവരുന്നതായ ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ ആര്‍എസ്എസിന്റെ നയങ്ങളെ വെള്ളപൂശുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമുണ്ട്.

എന്നാല്‍ നരേന്ദ്ര മോദിയെ നേരിട്ട് വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് കേസുകള്‍ വരുന്നതെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കേസിനെ കുറിച്ച് ആരും പേടിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് രാഹുല്‍ സ്വീകരിക്കുന്നത്. ഇത്തരം കേസുകളെ രാഷ്ട്രീയ പകപോക്കലാണെന്നും അതിനെ എതിര്‍ക്കുകയാണ് വേണ്ടതെന്നും രാഹുല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തെ ഭയന്ന് മിണ്ടാതിരിക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളില്‍ യാതൊരു സ്വാധീനവുമില്ലെന്നും അവര്‍ സിന്ധ്യയെപോലെ പുറത്തുപോവേണ്ടവര്‍ തന്നെയാണെന്നുമുള്ള നിലപാടുമാണ് പുതിയ ഫോര്‍മുലയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.