ഗുജറാത്തില്‍ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ആളില്ല; ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലെ മോദിയുടെ പ്രസംഗം വൈറലാകുന്നു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസാഭ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ആളില്ല. ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ ആയിരക്കണക്കിന് ഒഴിഞ്ഞ കസേരകളാണ് ദൃശ്യത്തിലുള്ളത്.

എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം പിടിച്ചടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഗുജറാത്തില്‍ മോഡി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിനാളുകളാണ് മണിക്കൂറുകള്‍ക്കകം ഷെയര്‍ ചെയ്തിരിക്കുന്നത്.

കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബിജെപിയെ രക്ഷപെടുത്താന്‍ ഗുജറാത്തില്‍ കച്ചമുറുക്കി ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്.