ദുബൈ: വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്നവരുടെ ചികിത്സയേറ്റെടുത്ത് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എമിറേറ്റ്സ്. കോവിഡ് അനുബന്ധ മെഡിക്കല്‍ പരിശോധന, ക്വാറന്റൈന് എന്നിവയുടെ ചെലവാണ് വഹിക്കുക. 6.40 ലക്ഷം ദിര്‍ഹ(ഏകദേശ 1.3 കോടി രൂപ)ത്തിന്റെ പരിരക്ഷയാണ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നത്.
യാത്രാ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിര്‍ഹം) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കും. കൂടാതെ, ഇത്തരത്തില്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന് ചെലവുകള്‍ക്ക് നല്‍കാനും തീരുമാനമായി.
എമിറേറ്റ്സ് ഉപയോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ല.
ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസംമുതല്‍ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക. ഉപഭോക്താക്കള്‍ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസുകള്‍ രണ്ടാഴ്ച മുമ്പാണ് എമിറേറ്റ്സ ആരംഭിച്ചത്. ഓഗസ്റ്റ് മദ്ധ്യത്തോടെ 58 നഗരങ്ങളിലേക്കാണ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ലോകത്ത് ആദ്യമായി സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്സ്.