ഗസ മുനമ്പില്‍ അടിയന്തര സഹായം എത്തിക്കാന്‍ ഖത്തറിന്റെ നിര്‍ദേശം

ദോഹ: കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം. ഗസയിലെ സാഹചര്യങ്ങള്‍ വളരെ വഷളായ സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ ഇടപെടല്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്നലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ.ഇസ്മായില്‍ ഹനിയ്യയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഗസയിലെ ജനങ്ങള്‍ നേരിടുന്ന മാനവിക പ്രശ്‌നങ്ങളും സങ്കീര്‍ണസാഹചര്യങ്ങളും അമീര്‍ മനസിലാക്കി. ഇന്ധനത്തിന്റെ അപര്യാപ്തത കാരണം നിരവധി ആസ്പത്രികളും ക്ലിനിക്കുകളും പൂട്ടിയ സാഹചര്യവും ഹമാസ് തലവന്‍ അമീറിനോട് വിശദീകരിച്ചു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഖത്തറിന്റെ സ്ഥായിയായ സഹായമുണ്ടാകുമെന്ന് അമീര്‍ വ്യക്തമാക്കി. വിവിധ മേഖലകള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും ഗസയിലെ പുനര്‍നിര്‍മാണപദ്ധതികള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഖത്തറിനും അമീറിനും ഗസയുടെയും ഫലസ്തീന്‍ ജനതയുടെയും നന്ദി ഹനിയ്യ അറിയിച്ചു. ഗസമുനമ്പില്‍ അടിയന്തര സഹായം എത്രയുംവേഗത്തില്‍ എത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കി. 33 മില്യണ്‍ ഖത്തര്‍ റിയാലിന്റെ(ഒന്‍പത് മില്യണ്‍ യുഎസ് ഡോളര്‍) സഹായം ലഭ്യമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗസ മുനമ്പിലെ ആസ്പത്രി ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനം എന്നിവ എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗസ മുനമ്പിലെ ജനങ്ങളുടെ ദുരിതത്തിന് ആശ്വാസമേകുന്നതിനായാണ് ഖത്തറിന്റെ അടിയന്തര സഹായം. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന ഗസ നിവാസികള്‍ക്ക് സഹായം എത്തിക്കണമെന്ന് യുഎന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഖത്തറിന്റെ സഹായ വിതരണത്തിന് യുഎന്‍ സഹകരണത്തോടെ ഖത്തറിന്റെ ഗസ പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്‍ഇമാദി മേല്‍നോട്ടം വഹിക്കും. ഗസ പുനര്‍നിര്‍മാണ സംവിധാനപ്രകാരമാണ് സഹായവിതരണം നടപ്പാക്കുക. ഉപകരണങ്ങളും മറ്റും കാം അബു സലേം ക്രോസിങ് മുഖേനയാകും എത്തിക്കുക.