കോവിഡ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം; ഡെഡ് വൈറസുകളെന്ന് നിരീക്ഷണം

ന്യൂഡല്‍ഹി: കോവിഡ് രോഗം സുഖപ്പെട്ടയാള്‍ക്കു വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും രോഗം കണ്ടെത്തിയിരുന്നു. രോഗം സുഖപ്പെട്ടവര്‍ക്കു അസുഖം വീണ്ടും ബാധിക്കില്ലെന്നാണു പഠനങ്ങളെങ്കിലും മറിച്ചുള്ള കണ്ടെത്തലുകള്‍ ആശങ്ക പടര്‍ത്തുന്നു.

മെയ് 15നാണു അന്‍പതുകാരനായ ഇന്‍സ്‌പെക്ടര്‍ക്കു ആദ്യം രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹത്തെ 22നു നെഗറ്റീവായതോടെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്നു ജോലിയില്‍ മടങ്ങി പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 10നു വീണ്ടും ചുമയും പനിയും ബാധിച്ച ഇദ്ദേഹത്തെ 13നു പരിശോധനയ്ക്കു വിധേയനാക്കി. ആദ്യം ആന്റിജന്‍ പരിശോധനയും തുടര്‍ന്നു ആര്‍ടിപിസിആര്‍ പരിശോധനയും നടത്തിയപ്പോള്‍ രണ്ടിലും പോസിറ്റീവായിരുന്നു ഫലം.

ആദ്യം അസുഖം സുഖപ്പെട്ട് ഒരു മാസത്തിനുള്ളിലായിരുന്നെങ്കില്‍ ശരീരത്തിനുള്ളിലെ നശിച്ച കോവിഡ് വൈറസുകളാണു രണ്ടാമതും രോഗം കണ്ടെത്താന്‍ കാരണമെന്നു വിലയിരുത്താമായിരുന്നെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യം രോഗലക്ഷണമൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. സുഹൃത്തിനു കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നു ഇദ്ദേഹവും ആശുപത്രിയിലെത്തി പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. ശരീരത്തിനുള്ളിലെ ‘ഡെഡ് വൈറസുകള്‍’ കാരണമാകാം വീണ്ടും രോഗം കണ്ടെത്തിയതെന്നാണു വിലയിരുത്തല്‍.

SHARE