ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷപ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ വക്കീല്‍ നോട്ടീസ്. മുസ്ലിംലീഗാണ് വക്കീല്‍ നോട്ടീസയച്ചത്. മലപ്പുറം ജില്ലയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശമാണ് മനേക ഗാന്ധിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം.
മനേക ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചത്. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.