ചെന്നൈ: മേട്ടുപ്പാളയത്ത് കാട്ടാനയെ വെടിവെച്ചുകൊന്ന നിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം റേഞ്ച് കണ്ടിയൂര്‍ ബീറ്റ് ഐ.ടി.സി പമ്പ് ഹൗസിന് അടുത്തുള്ള സ്വകാര്യവ്യക്തിയുടെ ചോളക്കാട്ടിലാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ പ്രദേശവാസികള്‍ പറഞ്ഞാണ് വനപാലകര്‍ക്ക് വിവരം ലഭിച്ചത്. ആനയുടെ ഇടതു ചെവിയുടെ ഭാഗത്ത് രക്തം ഒഴുകിയ പാടുകള്‍ ഉണ്ടായിരുന്നു. തുമ്പിക്കൈയ്യില്‍ ചെറിയതായി കരിഞ്ഞ പാടുകളും ഉണ്ടായിരുന്നതായി ആദ്യഘട്ട പരിശോധനയില്‍ വനപാലകര്‍ കണ്ടെത്തി.കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഡോ. സുകുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആനയ്ക്ക് വെടിയേറ്റിരിക്കാം എന്ന സംശയം ഉയര്‍ന്നത്. ഡി.എഫ്.ഒ. വെങ്കിടേശ്, എന്‍.ജി.ഒ. പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഇടത്തെ ചെവിക്കല്ല് തുളച്ച് തലച്ചോറിനകത്തുനിന്ന് വെടിയുണ്ടയുടെ ചീളുകള്‍ കണ്ടെത്തി. രണ്ട് സെന്റീമീറ്റര്‍ ഉള്ള വെടിയുണ്ടയുടെ ഭാഗങ്ങള്‍ ആനയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സ്ഥലം ഉടമകളായ തേക്കംപട്ടി രാമസ്വാമി, കൃഷ്ണസ്വാമി എന്നിവരെ വനംവകുപ്പ് റേഞ്ചര്‍ സെല്‍വരാജ് കസ്റ്റഡിയിലെടുത്തു. അതേസമയം മേട്ടുപ്പാളയത്തിന് അടുത്തുള്ള സിരുമുഖ ഫോറസ്റ്റ് റേഞ്ചില്‍ 20 വയസ്സ് തോന്നിക്കുന്ന മറ്റൊരു പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരുമാസമായി പരിസര പ്രദേശത്തെ ഗ്രാമങ്ങളിലൂടെ നടന്നിരുന്ന ആനയാണ് ചരിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെ ഗ്രാമത്തിലേക്കുള്ള മണ്പാതയില് ആന കുഴഞ്ഞു വീഴുകയായിരുന്നു.