വര്‍ഗീയതയുടെ ആനക്കലഹം

റഷീദ് മോര്യ

ഇന്ത്യയിലെ 739 ജില്ലകളില്‍ ഒരു ജില്ല മാത്രമാണ് മലപ്പുറം. എന്നാല്‍ ജില്ല രൂപീകരണ ആവശ്യം മുതല്‍ ഇന്നു വരെ മലപ്പുറം ജില്ലക്ക് മേല്‍ വംശവെറിയുടെ ആവരണം പുതപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവസാനം അത് എത്തി നില്‍ക്കുന്നത് മേനകാ ഗാന്ധിയുടെ നാവിന്‍ തുമ്പിലാണ്. കേവലം ഒരു ആനയാണ് കഥയിലെ കേന്ദ്രകഥാപാത്രം. ജില്ലയില്‍ ഒരു ഉറുമ്പിന് ക്ഷതം സംഭവിച്ചാല്‍ പോലും അതിന് മത പരിവേഷം നല്‍കാന്‍ ഗവേഷണത്തിലേര്‍പ്പെടുന്നവരില്‍ രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുണ്ട്. ഏതെങ്കിലും ഒരു ദിവസം ചിലര്‍ക്കുണ്ടാകുന്ന വെളിപാടിന്റെ പുറത്തല്ല ഇത്തരം വര്‍ഗീയ വിഷം പുരണ്ട വര്‍ത്തമാനങ്ങള്‍ ഉയര്‍ന്നു വരുന്നത്. പിന്നാക്കത്തിന്റെയും അവികാസത്തിന്റെയും മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് 1969ല്‍ മലപ്പുറം ജില്ല പിറവിയെടുക്കുമ്പോള്‍ ഉരുണ്ടുകൂടിയ ആരോപണങ്ങളും രൂപപ്പെട്ട പ്രക്ഷോഭങ്ങളും ഇന്ത്യയിലെ മറ്റൊരു ജില്ലയുടെ പിറവിയുടെ കാര്യത്തിലും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കേരള ഗാന്ധി കെ കേളപ്പന്‍ മുതല്‍ ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ ജനസംഘം വരെ ജില്ലാ രൂപപീകരണത്തിനെതിരെ കൊടുവാളുയര്‍ത്തിയവരാണ്. ഒളിഞ്ഞും തെളിഞ്ഞും ജില്ല വരാതിരിക്കാന്‍ കുത്തിത്തിരുപ്പുമായി നടന്നവരും ചരിത്രത്തിലെ കരിങ്കാലികളാണ്. ജില്ല പ്രഖ്യാപിക്കുന്ന ദിവസം നിരാഹാരമിരിക്കാന്‍ പലരും മത്സരിക്കുകയായിരുന്നു.

മലപ്പുറം ജില്ല രൂപപ്പെട്ടാല്‍ താനൂര്‍ കടപ്പുറത്ത് പാകിസ്താന്‍ പട്ടാളം കപ്പലിറങ്ങുമെന്ന് തട്ടിവിട്ടവരും അക്കാലത്തെ ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാര്‍ തന്നെയായിരുന്നു. ഒരു ജനതയെയും പ്രദേശത്തെയും നിരന്തരമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. അത് ഇന്നും തുടരുന്നുവെന്നു മാത്രം. ജില്ലാ രൂപീകരണത്തിനെതിരെ പോരാട്ടം നടത്തിയവര്‍ക്കിന്ന് ഈ ജില്ലയില്‍ ബൂത്ത് കമ്മിറ്റികള്‍ മുതല്‍ ജില്ലാ കമ്മിറ്റികള്‍ വരെയുണ്ടെന്നത് കാലത്തിന്റെ കാവ്യ നീതിയാകാം!

1969നു ശേഷം ഇന്ത്യയില്‍ ഒട്ടേറെ ജില്ലകളും പുതിയ സംസ്ഥാനങ്ങളും രൂപീകൃതമായി. പക്ഷെ അവിടെയൊന്നും വര്‍ഗീയതയുടെ ലേബല്‍ ഒട്ടിക്കാനൊന്നും ആരും മെനക്കെട്ടിട്ടില്ല. മലപ്പുറം ജില്ലക്കെതിരെ ഭാരതത്തിലുടനീളം ഉയര്‍ത്തിവിട്ട ആരോപണ പുകപടലങ്ങള്‍ ചില്ലറയല്ല. പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ കോപ്പിയടിച്ചു ജയിച്ചതെന്നു പറഞ്ഞു ജില്ലയെ സമൂഹ മധ്യേ താറടിച്ചു കാണിക്കാന്‍ നടത്തിയ ശ്രമം ഓരോ പരീക്ഷ വിജയക്കാലത്തും നാം ഓര്‍ത്തെടുക്കാറുണ്ട്. ഗെയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നവരും തെരഞ്ഞെടുപ്പുകളിലെ മിന്നും ജയവും തീവ്രവാദ ബന്ധിതമാണെന്ന് മുദ്രകുത്താന്‍ ഒരുങ്ങി പുറപ്പെട്ടവര്‍ പുരോഗമന വാദക്കാരാണന്നറിഞ്ഞപ്പോള്‍ നമുക്ക് അല്പം വിഷമം തോന്നിയതും സ്വാഭാവികം. പള്ളിക്ക് മുകളിലൂടെ വിമാനം പറന്നാല്‍ ജില്ലയിലെ മഹല്ല് കമ്മിറ്റിക്കാര്‍ അതിനെ താഴെയിടാന്‍ ഒരുമ്പെടുമെന്ന് പ്രസ്താവനയിറക്കാന്‍ കൂടാരം മാറിയ ജില്ലക്കാരന്‍ തന്നെ മുന്നോട്ട് വന്നത് കണ്ട് മലപ്പുറത്തുകാര്‍ ഞെട്ടി.

കുടഞ്ഞു കളയാനാണ് ഭാവമെങ്കില്‍ പോരാടി ഉന്നത നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ തന്നെയായിരുന്നു മലപ്പുറത്തുകാരുടെ തീരുമാനം. പരീക്ഷകളില്‍ ഉന്നത റാങ്കുകള്‍ വാരിക്കൂട്ടിയും വിജയരഥത്തില്‍ ഒന്നാമതെത്തിയും അവര്‍ മധുരപ്പകരംവീട്ടല്‍ നടത്തി. രാജ്യത്താദ്യമായി കംപ്യുട്ടര്‍ സാക്ഷരത നടപ്പിലാക്കി. ഇന്ന് യൂണിവേഴ്‌സിറ്റികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് മലപ്പുറം. പാരസ്പര്യത്തിന്റെ അണമുറിയാത്ത ഒരായിരം കഥകള്‍ പറയാനുണ്ട് ഈ പോരാട്ട മണ്ണിന്. ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യത്ത് നടന്ന ഏക യുദ്ധം ബാറ്റല്‍ ഓഫ് പൂക്കോട്ടൂര്‍ ആണെന്നത്കൂടി മേനകമാര്‍ മനസ്സിലാക്കണം. കോട്ടക്കുന്നിന്റെ ചെരുവില്‍ കൈകാലുകള്‍ ബന്ധിച്ച് പുറകില്‍ വെടിവെക്കാന്‍ ശ്രമിച്ച വെള്ളപ്പട്ടാളക്കാരോട് തന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാന്‍ ആക്രോശിച്ച വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍തലമുറക്കാര്‍ക്കും ആത്മാഭിമാനം തന്നെയാണ് കൂട്ടിനുള്ളത്. വടക്കേ ഇന്ത്യയില്‍ മനുഷ്യരെ പച്ചക്ക് ചുട്ടെരിച്ചും തല്ലിക്കൊന്നും അക്രമികള്‍ ഭരണകൂട ബലത്തില്‍ വിലസുമ്പോള്‍ മൃഗങ്ങളോട് കാണിക്കുന്ന ആയിരത്തിലൊരംശം സ്‌നേഹമെങ്കിലും ഇക്കൂട്ടര്‍ മനുഷ്യരോട് കാട്ടിയിരുന്നെങ്കിലെന്ന് ആശിക്കുകയാണ്. മലപ്പുറം എന്നു കേള്‍ക്കുമ്പോഴേക്ക് മുഖത്ത് കാണുന്ന ഇവരുടെ ഭാവപ്പകര്‍ച്ചയില്‍ വംശവെറിയുടെ ചിത്രം തന്നെയാണുള്ളത്. നാലുമാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗര്‍ തിഹാര്‍ ജയിലറക്കുള്ളിലാണെന്ന കാര്യം കൂടി ചേര്‍ത്തു വായിക്കുക.

SHARE