ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചീഫ് ജസ്റ്റിസ്: ഞെട്ടി പാപ്പാന്‍; ആനക്കുവേണ്ടി ഇന്ത്യയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആനക്കുവേണ്ടിയുള്ള ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ലോകത്ത് രണ്ടാമത്തേതും 47 വയസ്സുള്ളതുമായ പിടിയാനക്കുവേണ്ടി പാപ്പാന്‍ സദ്ദാമാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആന ഇന്ത്യന്‍ പൗരനാണോ? എന്ന ചോദ്യം പാപ്പാനോട് ചോദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇത് ചോദിച്ചതോടെ ആനയുടെ പാപ്പാനടക്കമുള്ളവര്‍ ഒന്നു ഞെട്ടി. തടവിലുള്ള ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാന്‍ സദ്ദാം നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

ഡല്‍ഹിയിലെ അവസാനത്തെ ആനയും തന്റെ ‘കുടുംബാംഗ’വുമായ ലക്ഷ്മിയെ തടവില്‍നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാന്‍ സദ്ദാമാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. യോജിച്ച വാസസ്ഥലത്തല്ലാതെ പാര്‍പ്പിക്കുന്നു എന്ന് കണ്ടെത്തി വനംവകുപ്പ് പിടികൂടിയ ആനയെ തനിക്ക് തിരിച്ച് നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ യൂസഫ് അലി എന്നയാളുടെ ആനയാണ് ലക്ഷ്മി. ആനയെ പരിചരിക്കുന്ന സദ്ദാം ലക്ഷ്മിയുമായി ഏറെ അടുത്തിരുന്നു. ഭാര്യയും മൂന്നുമക്കളും അച്ഛനുമടങ്ങുന്ന തന്റെ കുടുംബത്തിലെ ഒരംഗംപോലെയായിരുന്നു ലക്ഷ്മിയെന്ന് സദ്ദാം പറയുന്നു. ഇതിനിടെ യോജിച്ച വാസസ്ഥലത്തല്ലാതെ പാര്‍പ്പിക്കുന്ന ആനകളെ പിടിച്ചെടുത്ത് വനംവകുപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ തുടങ്ങി.

ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് വനംവകുപ്പ് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ഹരിയാണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് അയക്കുകയും സദ്ദാമിനെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. രണ്ടുമാസത്തിലേറെ തിഹാര്‍ ജയിലില്‍ കഴിഞ്ഞ സദ്ദാം നവംബര്‍ 25നാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ സംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന ലക്ഷ്മിയെ പരിചരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നാണ് സദ്ദാമിന്റെ ആവശ്യം.

ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആന ഇന്ത്യന്‍ പൗരനാണോയെന്ന് കോടതി ചോദിച്ചു. അയല്‍ക്കാരന്‍ പശുവിനെ മോഷ്ടിച്ചാലും നാളെ ഹേബിയസ് കോര്‍പസ് വരില്ലേയെന്നും കോടതി ആരാഞ്ഞു. ലക്ഷ്മിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഉടമ യൂസഫ് അലി നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

SHARE