പൈനാപ്പിളല്ല; ഗര്‍ഭിണിയായ ആനയുടെ ജീവനെടുത്തത് മറ്റൊന്ന്; അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തല്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് പൈനാപ്പിളല്ല, തേങ്ങാ പടക്കമെന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍. ഇയാളാണ് സ്‌ഫോടക വസ്തു നിര്‍മിച്ച് നല്‍കിയത്. പന്നിയെ പിടികൂടാനാണ് തേങ്ങക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്നും ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തില്‍ രണ്ട് പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്.

തേങ്ങ നെടുകെ കീറി സ്‌ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിര്‍മിച്ചതെന്ന് പിടിയിലായ വില്‍സണ്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്ന ഇവര്‍ പന്നികളെ വേട്ടയാടി വില്‍പന നടത്തിയിരുന്നതായാണ് സൂചന. നേരത്തെയും പ്രധാന പ്രതികള്‍ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം.

മെയ് 27നാണ് പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാന്‍ സാധിച്ചിരുന്നില്ല.

SHARE