പാലക്കാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗര്‍ഭിണി. സൈലന്റ് വാലി ദേശീയോദ്യാനത്തിലെ ആനയാണ് കാട്ടുപന്നിക്കൊരുക്കിയ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞത്. സ്ഫോടകവസ്തു നിറഞ്ഞ കൈതച്ചക്ക തിന്നതോടെ ആനയുടെ മുഖം സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. വായും മൂക്കും പൂര്‍ണമായി ഇല്ലാതായിരുന്നു. ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം കിടന്ന ശേഷമാണ് ആന മരണത്തിന് കീഴടങ്ങിയത്.
വേദന സഹിക്ക വയ്യാതെ തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാര്‍ പുഴയില്‍ മുഖം പൂഴ്ത്തി നില്ക്കുന്ന സ്ഥിതിയിലാണ് വനപാലകര്‍ ഈ ആനയെ കണ്ടെത്തിയത്. മുറിവിന്റെ വേദന അറിയാതിരിക്കാനും മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റ് പ്രാണികളും വന്നിരിക്കുന്നത് തടയാനും ആകണം ആന ഇങ്ങനെ ചെയ്തതെന്നും ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറഞ്ഞു. കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് പോസ്റ്റ്മോര്ട്ടത്തിലൂടെയാണ് മനസിലാക്കാനായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.മെയ് 27നാണ് ആന ചരിഞ്ഞത്.