വൈദ്യുതി നിരക്ക് വര്‍ധന; വീട്ടമ്മമാര്‍ ഇന്ന് ബില്ല് കത്തിച്ച് പ്രതിഷേധിക്കും

വൈദ്യുതി ബില്‍ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ഇന്ന് വൈദ്യുതി ബില്‍ കത്തിച്ച് പ്രതിഷേധിക്കും. ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി സൗജന്യമാക്കുക, എ.പി.എല്ലുകാര്‍ക്ക് ആകെ ബില്ലിന്റെ 30 ശതമാനം ഇളവ് നല്‍കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പ്രതിഷേധം.

വൈദ്യുതി ബില്‍ വര്‍ധനക്കെതിരെ തുടര്‍ പ്രക്ഷോഭമാണ് കോണ്‍ഗ്രസും യു.ഡി.എഫും പ്രഖ്യാപിച്ചത്. 16 ന് വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തി. 17ന് രാത്രി യു.ഡി.എഫ് ലൈറ്റണച്ച് പ്രതിഷേധിച്ചു. ഇന്ന് വൈദ്യുതി ബില്‍ വീട്ടമ്മമാര്‍ കത്തിക്കുന്ന പ്രതിഷേധവും തീരുമാനിച്ചു. വൈദ്യുതി ബില്ലില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ദുര്‍വാശി മാറ്റിവെച്ച് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചെങ്കിലും യഥാര്‍ഥ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ഇപ്പോള് പ്രഖ്യാപിച്ച ഇളവുകള്‍ കണക്കിലെ കളിയാണ്.

ഇന്നത്തെ വൈദ്യുതി ബില്‍ കത്തിക്കല്‍ സമരം സംസ്ഥാന വ്യാപകമായി നടത്തും. ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും പങ്കെടുക്കും.

SHARE