അമിത വൈദ്യുതിബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേരിയ ഇളവുകളുമായി സര്‍ക്കാര്‍. പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നേരിയ ഇളവുകള്‍ വരുത്തി തടിതപ്പാനുള്ള സര്‍ക്കാര്‍ ശ്രമം. കെ.എസ്.ഇ.ബി വൈദ്യുതി ബില്ല് വര്‍ധന ന്യായീകരിക്കാന്‍ നിരവധി വാദങ്ങളുമായി വന്നിരുന്നെങ്കിലും അതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്നത് തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍. ഉയര്‍ന്ന വൈദ്യുതി ബില്ല് ഇട്ടിരുന്ന പല വീടുകളിലേയും ബില്ല് കെ.എസ്.ഇ.ബി തന്നെ വെട്ടികുറയ്‌ക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരുന്നു.

പ്രഖ്യാപിച്ച ഇളവുകള്‍ ഇങ്ങനെ

  1. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.
  2. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും.
  3. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും. ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.