അധിക വൈദ്യുതി ബില്‍; കെ.എസ്.ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി


തിരുവനന്തപുരം: അധിക വൈദ്യുതി ബില്‍ വിഷയത്തില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി ആവര്‍ത്തിക്കവേയാണ് മൂവാറ്റുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ബില്ല് തയാറാക്കിയതില്‍ അശാസ്ത്രീയത ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. കെഎസ്ഇബി ബില്ലിംഗുമായി ബന്ധപ്പെട്ട് പരാതികള്‍ വര്‍ധിക്കുകയാണ്. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദം. എന്നാല്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും ഇത് തള്ളിക്കളയുന്നു. ശരാശരി ബില്ലിംഗ് തെറ്റാണെന്നാണ് ഇവരുടെ പക്ഷം.

SHARE