ആറ്റിങ്ങല്‍: പ്രവചനാതീതമായ രാഷ്ട്രീയ മനസ്സ്

ഫിര്‍ദൗസ് കായല്‍പ്പുറം

ചരിത്രവിസ്മയങ്ങളാല്‍ ശ്രദ്ധേയമാണ് ആറ്റിങ്ങല്‍. ഇതോടൊപ്പം കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെയുടെയും സമ്പന്നമായ ചരിത്രമുണ്ട് ഈ മണ്ഡലത്തിന്.
1957ല്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് 92,601 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം വര്‍ഷങ്ങള്‍ക്കിപ്പുറം 1991ല്‍ മറ്റൊരു സി.പി.എം നേതാവിനെ 1106 വോട്ടിന് കഷ്ടിച്ച് കരകയറ്റിയിട്ടുമുണ്ട്. ഒരു മുന്നണിയോടും ആറ്റിങ്ങല്‍ അമിത വിധേയത്വം കാട്ടിയിട്ടില്ല. വയലാര്‍ രവിയെയും വര്‍ക്കല രാധാകൃഷ്ണനെയും പോലുള്ള പ്രമുഖരെ പലതവണ അനുഗ്രഹിച്ച മണ്ഡലമാണിത് (പഴയ ചിറയിന്‍കീഴ്). ആറ്റിങ്ങല്‍ ഇടതുകോട്ടയെന്ന് സി.പി.എം അവകാശപ്പെടുമ്പോഴും മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് പ്രവചനാതീതമെന്ന് മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തം. തീരദേശവും മലയോര ഗ്രാമങ്ങളും അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തിന്റെ പൊതുവികാരം പലപ്പോഴും അപ്രതീക്ഷിത അട്ടിമറി വിജയങ്ങള്‍ക്കും വമ്പന്മാരുടെ പതനത്തിനും ഇടായാക്കിയിട്ടുണ്ട്.
1957 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിന്റെ പൊതുസ്വഭാവം മനസ്സിലാകും. 1957ലും 1962ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ. കുമാരനാണ് വിജയിച്ചത്. 1967ല്‍ കോണ്‍ഗ്രസിലെ ആര്‍. ശങ്കറിനെ സി.പി.എമ്മിലെ കെ. അനിരുദ്ധന്‍ പരാജയപ്പെടുത്തി. 1971ല്‍ സി.പി.എമ്മിലെ വര്‍ക്കല രാധാകൃഷ്ണനെ 49,272 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വയലാര്‍ രവി മണ്ഡലം പിടിച്ചു. 1977ല്‍ വയലാര്‍ രവി വിജയം ആവര്‍ത്തിച്ചു. 1980ല്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയുമെല്ലാം പിന്തുണയോടെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായാണ് വയലാര്‍രവി മത്സരിച്ചത്. 6,063 വോട്ടുകള്‍ക്ക് കോണ്‍ഗ്രസി(ഐ)ലെ എ.എ. റഹിമിനോട് പരാജയപ്പെട്ടു. തുടര്‍ന്നു രണ്ടുതവണ കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീര്‍ വിജയിച്ചു.
1984ല്‍ തലേക്കുന്നില്‍ ബഷീര്‍ 31,465 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ കെ. സുധാകരനെ പരാജയപ്പെടുത്തി. 1989ല്‍ 5130 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സുശീല ഗോപാലനെയും പരാജയപ്പെടുത്തി. എന്നാല്‍ 1991ല്‍ സുശീല ഗോപാലന്‍ മണ്ഡലം തിരിച്ചു പിടിച്ചു. 1106 വോട്ടുകള്‍ക്കാണ് തലേക്കുന്നില്‍ ബഷീറിനെ തോല്‍പിച്ചത്. 1996ല്‍ എ. സമ്പത്ത് 48,083 വോട്ടുകള്‍ക്ക് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി. 1998ല്‍ സി.പി.എമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തി. 7,542 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ എം.എം. ഹസനെ പരാജയപ്പെടുത്തിയത്. 1999ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 3128 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ തോല്‍പ്പിച്ചു. 2004ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 50,745 വോട്ടുകള്‍ക്ക് എം.ഐ. ഷാനവാസിനെ പരാജയപ്പെടുത്തി ഹാട്രിക്ക് വിജയം നേടി.
2009ല്‍ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പേരുമാറി ആറ്റിങ്ങലായി. സി.പി.എമ്മിലെ എ. സമ്പത്ത് 18,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പ്രൊഫ.ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ല്‍ വീണ്ടും സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 1991ല്‍ സുശീല ഗോപാലന്‍ സി.പി.എമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനുശേഷം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശിനെ നിയോഗിച്ചതിലൂടെ ശക്തമായ വെല്ലുവിളിയാണ് യു.ഡി.എഫ് ഉയര്‍ത്തിയിട്ടുള്ളത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ അട്ടിമറി വിജയങ്ങള്‍ അടൂര്‍പ്രകാശിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായതോടെ കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകള്‍ ഇത്തവണ ഉറപ്പാക്കാനാകുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. വികസന പ്രശ്‌നങ്ങളും ആറ്റിങ്ങല്‍ ബൈപാസ് നിര്‍മാണം വൈകുന്നതുമെല്ലാം എല്‍.ഡി.എഫിനെതിരായ പ്രചാരണ വിഷയങ്ങളാണ്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ ജംഗ്ഷന്‍ വികസനവും ബൈപ്പാസ് നിര്‍മാണവുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലും ചര്‍ച്ചയായ പ്രാദേശിക വിഷയം. രണ്ടുകാര്യങ്ങളിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ഇത് പ്രചാരണത്തിലൂടനീളം ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് ഉള്‍പെടെയുള്ള റെയില്‍വെ സ്റ്റേഷനുകളുടെ വികസന മുരടിപ്പും സിറ്റിംഗ് എം.പിക്കെതിരെ യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നു.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലം. എന്നാല്‍ 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കിളിമാനൂര്‍, ആര്യനാട് മണ്ഡലങ്ങള്‍ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തോടു ചേര്‍ന്നു. പുതുതായി രൂപീകരിച്ച അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങള്‍ ആറ്റിങ്ങലിനൊപ്പമായി. നിലവില്‍ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. നിലവില്‍ അരുവിക്കര മണ്ഡലം മാത്രമാണ് യു.ഡി.എഫിനുള്ളത്. അതേസമയം മണ്ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്താനാകുന്ന കോണ്‍ഗ്രസിന്റെ നിരവധി പ്രമുഖ നേതാക്കളുണ്ട്.
എ. സമ്പത്ത് തന്നെയാണ് ഇടത് സ്ഥാനാര്‍ഥി. ബി.ജെ.പിക്ക് മണ്ഡലത്തില്‍ കാര്യമായ ശക്തിയില്ലെങ്കിലും പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ശോഭാ സുരേന്ദ്രനെ രംഗത്തിറക്കിയതോടെ മത്സരത്തിന് കൂടുതല്‍ വീറും വാശിയും കൈവന്നിട്ടുണ്ട്.

SHARE