വോട്ടു ചെയ്യാന്‍ തയ്യാറെടുക്കൂ; ചിത്രയുടെ മധുരശബ്ദത്തില്‍ ഗാനം

തിരുവനന്തപുരം: കെ. എസ്. ചിത്രയുടെ മധുരശബ്ദത്തില്‍ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. ഗാനത്തിന്റെ ഡി.വി.ഡി പ്രകാശനം കഴിഞ്ഞു.
മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് തെരഞ്ഞെടുപ്പ് ഗീതം എന്ന ആശയം. ഐ.എം.ജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ മനോഹരമായ വരികളിലൂടെ ഇതിന് സാക്ഷാത്കാരം നല്‍കി. മാത്യു ടി. ഇട്ടിയാണ് സംഗീതം പകര്‍ന്നത്. ‘ഭാരത ഭാഗ്യവിധാതാക്കള്‍ നാം….’ എന്നാരംഭിക്കുന്ന ഗാനം രണ്ടു മാസത്തെ യത്നത്തിലാണ് യാഥാര്‍ത്ഥ്യമായത്. വോട്ടു ചെയ്യാന്‍ തയ്യാറെടുക്കൂ, വോട്ടര്‍ എന്നതില്‍ അഭിമാനിക്കൂ തുടങ്ങിയ സന്ദേശങ്ങളാണ് നാലു മിനിട്ടുള്ള ഗാനം മുന്നോട്ടു വയ്ക്കുന്നത്. സാംസ്‌കാരിക, സാമൂഹ്യ, ദേശഭക്തി ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം ഒരുക്കിയതെന്ന് ടിക്കാറാം മീണ പറഞ്ഞു.
ശാസ്തമംഗലത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ഗാനം റെക്കോഡ് ചെയ്തത്. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് ഗാനത്തിനാവശ്യമായ വീഡിയോ ചിത്രീകരിച്ചത്.