തമിഴ്മണ്ണിലെ കുരുക്ഷേത്ര യുദ്ധം

സക്കീര്‍ താമരശ്ശേരി

കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വിരുദ്ധ ചേരില്‍ മല്‍സരിക്കുന്ന തട്ടകം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ഡി.എം.കെ-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര പുരോഗമന സഖ്യവും അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധമാണ് ഇത്തവണ. 2014ല്‍ ജയലളിതയുടെ കരുത്തില്‍ ഒറ്റക്ക് പോരാടിയ അണ്ണാ ഡി.എം.കെ 39 ല്‍ 37 സീറ്റാണ് അടിച്ചെടുത്തത്. ബി.ജെ.പിയും പി.കെ.യും ഓരോ സീറ്റ് നേടിയപ്പോള്‍ വെവ്വേറെ മല്‍സരിച്ച ഡി.എം.കെയും കോണ്‍ഗ്രസും സംപൂജ്യരായി. എന്നാല്‍ സാഹചര്യം ആകെ മാറി. അണ്ണാ ഡി.എം.കെ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഡി.എം.കെ തിരിച്ചുവരവിന്റെ പാതയിലാണ്. തമിഴ് മണ്ണിലെ വോട്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമ്പോള്‍ പ്രവചനങ്ങളെല്ലാം ഡി.എം.കെ മുന്നണിക്കനുകൂലം.

ബി.ജെ.പിയുടെ
ചാക്കിട്ടുപിടുത്തം
അപ്രതീക്ഷിതമായിരുന്നില്ല അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ട്. ജയലളിതയുടെ മരണവും പാര്‍ട്ടിയിലെ പിളര്‍പ്പും ദുര്‍ബലമാക്കിയ അണ്ണാ ഡി.എം.കെയെ ബി.ജെ.പി റാഞ്ചുമെന്നുറപ്പായിരുന്നു. വിവാദങ്ങളില്‍പ്പെട്ടു ഉഴലുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഭരണത്തിന്റെ തണലില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത് ബി.ജെ.പിയാണെന്നത് പരസ്യമായ രഹസ്യം. ഉത്തരേന്ത്യയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പിടിക്കുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഇതിന്റെ പ്രധാന പരീക്ഷണശാലയാണ് തമിഴ്‌നാട്. അതിലേക്കുള്ള ആദ്യ ഇരയാണ് അണ്ണാ ഡി.എം.കെ. കടലാസില്‍ കരുത്തരാണ് ഈ കൂട്ടുകെട്ട്. വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായകസ്വാധീനമുള്ള പി.എം.കെയുടെ വരവാണ് പ്രധാനം. 18 വര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴ്മാനില കോണ്‍ഗ്രസ് (ടി.എം.സി) മുന്നണിയില്‍ തിരിച്ചെത്തിയതും നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ സാന്നിധ്യവും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല.

കരുത്തോടെ മതേതര സഖ്യം
2014-ലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചാണ് ഡി.എം.കെ ഗോദയിലിറങ്ങുന്നത്. വര്‍ഗീയതയുടെ കറപുരളാത്ത തമിഴകത്ത് അവര്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ഇടതുപാര്‍ട്ടികളെയും ഒപ്പം കൂട്ടി. തീപ്പൊരി നേതാവ് വൈക്കോയുടെ എം.ഡി.എം.കെയും വി.സി.കെ, കെ.എം.ഡി.കെ, ഐ.ജെ.കെ തുടങ്ങിയ കക്ഷികളും മതേതര പുരോഗമന സഖ്യത്തിന്റെ കരുത്താണ്. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയേയും അവര്‍ക്ക് കുടപിടിക്കുന്ന അണ്ണാ ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. ബി.ജെ.പിക്കും മോദിക്കുമെതിരേ ശക്തമായ നിലപാടുള്ള ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയതും സ്്റ്റാലിന്‍ തന്നെ. ഡി.എം.കെ (20), കോണ്‍ഗ്രസ് (പുതുച്ചേരി അടക്കം 10), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്‌ലിം ലീഗ് (1), കെ.എം.ഡി.കെ (1), ഐ.ജെ.കെ (1), എം.ഡി.എം.കെ(1) എന്നിങ്ങനെയാണ് പോരാട്ടം. മുന്‍ കാലങ്ങളില്‍ വെല്ലൂരില്‍ വിജയക്കൊടി പാറിച്ച മുസ്‌ലിംലീഗ് ഇത്തവണ രാമനാഥപുരത്താണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ ഒറ്റക്ക് മല്‍സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ബാക്കിയായത് കയ്‌പേറിയ അനുഭവങ്ങളാണ്. ഇത്തവണ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവുമായാണ് ഇടതുപാര്‍ട്ടികളുടെ വരവ്.

ദിനകരനും കമലും
തെക്കന്‍ തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ടി.ടി.വി ദിനകരനും അദ്ദേഹത്തിന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയും. തേവര്‍ സമുദായത്തിന്റെ പിന്തുണയാണ് ദിനകരന്റെ കരുത്ത്. അണ്ണാ ഡി.എം.കെയോട് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ദിനകരന്‍ ബി.ജെ.പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
പിടിവള്ളിയില്ലാത്ത അവസ്ഥയിലാണ് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്രയധികം മുന്നേറാന്‍ കമലിനായിട്ടില്ല.
ടോര്‍ച്ച് ചിഹ്നത്തില്‍ തനിച്ച് മല്‍സരിക്കാനാണ് കമലിന്റെ തീരുമാനം. രാഷ്ട്രീയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമലിന്റെ ജനവിധി അറിഞ്ഞശേഷം ഗോദയിലിറങ്ങാനാണ് രജനിയുടെ നീക്കം.

ശ്രദ്ധേയമായി തൂത്തുക്കുടി
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് തൂത്തുക്കുടി. കഴിഞ്ഞതവണ അണ്ണാ ഡി.എം.കെയുടെ ജയസിങ് ത്യാഗരാജ് ജയിച്ച മണ്ഡലം. കരുണാനിധിയുടെ മകളും ഡി.എം.കെയുടെ രാജ്യസഭാംഗവുമായ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനും തമ്മിലാണ് ഇത്തവണ മല്‍സരം. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനു നേരെ നടന്ന വെടിവെപ്പിന്റെ നടുക്കം മാറാത്ത തൂത്തുക്കൂടി ആരെ തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കവി, പത്രപ്രവര്‍ത്തക. രണ്ടു തവണ രാജ്യസഭാംഗം-മുന്‍തൂക്കം കനിമൊഴിക്ക് തന്നെ. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ നിര്‍ണായക സ്ഥാനമുറപ്പ്. കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ വിവാദ നായികയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ മല്‍സരിച്ചെങ്കിലും ജനം തുണച്ചില്ല.

2014 പഴങ്കഥ
ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസിനും ഡി.എം.കെ മുന്നണിക്കും 2014ല്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ജയലളിതയുടെ നേതൃത്വത്തില്‍ 44.3 ശതമാനം വോട്ടുവിഹിതത്തോടെ 39 സീറ്റുകളില്‍ 37 ലും അണ്ണാ ഡി.എം.കെ വിജയം നേടിയപ്പോള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ രണ്ടു സീറ്റുകള്‍ സ്വന്തമാക്കി (18.5 ശതമാനം വോട്ടുവിഹിതം). 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും നേടിയ വോട്ടില്‍ വലിയ വ്യത്യാസമില്ല. നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 42 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേടിയത് എട്ടു സീറ്റു മാത്രം.