വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വൈകിക്കാനുള്ള ബോധപൂര്‍വ ശ്രമവുമായി തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരും രംഗത്ത്. ഇതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ പോകും.
ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അടുത്താഴ്ച ആദ്യം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ‘ അധിക ചെലവ്’ എന്ന വാദം ഉന്നയിച്ചാണ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ പോകുന്നത്. 2015 ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019 ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണുള്ളതെന്നാണ് കമ്മീഷന്റെ പ്രധാന വാദം. 25,000 ത്തോളം ബൂത്തുകള്‍ കേരളത്തിലുണ്ട്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ട് നമ്പര്‍ അടക്കം പരിശോധിക്കണമെന്നും ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യണമെന്നും കമ്മീഷന്‍ പറയുന്നു. 25,000 ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേണം ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്താനെന്നും ഇതിന് നാലു മാസമെങ്കിലും വേണ്ടി വരുമെന്നും വാര്‍ഡ് അടിസ്ഥാനത്തിലുള്ള 2015 പട്ടികയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് കമ്മിഷന്റെ അഭിപ്രായം.
പതിനഞ്ചര ലക്ഷത്തോളംപേര്‍ ഇതിനോടകം വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ പകുതി പേര്‍ വോട്ടര്‍മാരാകുകയും ചെയ്തു. 2019 ലെ പട്ടിക ഉപയോഗിച്ചാല്‍ പത്തു കോടിയലധികം രൂപയുടെ അധികചെലവും ഉണ്ടാകുമെന്നും കമ്മീഷന്‍ പറയുന്നു.
അതെ സമയം, അപ്പീല്‍ പോയാലും തെരഞ്ഞെടുപ്പ് നീണ്ട് പോകില്ലെന്നാണ് കമ്മിഷന്റെ അവകാശവാദം. ഏതു പട്ടിക ഉപയോഗിച്ചാലും മുന്‍കൂട്ടി നിശ്ചയിച്ച സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വി.ഭാസ്‌കരന്‍ അവകാശപ്പെട്ടു.

SHARE