മതം ഉപയോഗിച്ച് വോട്ട് തേടല്‍; ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്‌ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വ്യക്തമാക്കിയത്.

അഞ്ചു സംസ്ഥാനങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ഇക്കാര്യം അറിയിച്ചത്. അതേസമയം 2005ന് ശേഷം ഏതെങ്കിലും മതത്തിന്റെ പേരില്‍ നിലവില്‍വന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കുന്നതായും കമ്മീഷണര്‍ അറിയിച്ചു.

മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും മതേതരമാകണം. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തെരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.