
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസാണ് പരാതി ഉന്നയിച്ചത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ മേമന്‍വാഡയിലെ മൂന്ന് പോളിങ് ബൂത്തുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദവാദിയ മാധ്യമങ്ങളോട് പറഞ്ഞു. പോര്‍ബന്ധര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ മോദവാദിയ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോളിങ് ബൂത്തില്‍ പരിശോധന നടത്തിയ ഇലക്ടറല്‍ ഓഫീസര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മോദവാദിയ പറഞ്ഞു.
വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാ കളക്ടറേയും തെരഞ്ഞെടുപ്പ് നിരീക്ഷകനേയും സംഭവ സ്ഥലത്തേക്ക് അയച്ചതായും ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബി.പി സൈ്വന്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന കോണ്‍ഗ്രസ് ന്യായീകരണം കണ്ടെത്താനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം ആരോപിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാമ്പിത്ത് പത്ര പറഞ്ഞു.
#WATCH EVM engineer S.Anand talks to media after visiting a polling booth in Porbandar’s Thakkar plot following complaints of EVM being connected to Bluetooth, says, ‘the name that you give to your Bluetooth device will be shown when it is paired to another device’ #Gujarat pic.twitter.com/TivLjQXEOW
— ANI (@ANI) December 9, 2017
അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയതായും ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഏത് മൊബൈല്‍ ഫോണ്‍ ഡിവൈസിനും ഇ.സി.ഒ എന്ന് പേര് നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഡിവൈസിനു പേരു നല്‍കിയ ആരെങ്കിലും പോളിങ് ബൂത്തിനു സമീപം ബ്ലൂടൂത്ത് ഓണ്‍ ചെയ്താല്‍ മറ്റുള്ളവരുടെ മൊബൈല്‍ ഫോണില്‍ അത് തെളിഞ്ഞുവരും. പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ പോളിങ് ഏജന്റായ മനോജ് സിംഗാര്‍ക്യ എന്നയാളുടെ ഫോണില്‍നിന്നാണ് ഇ.സി.ഒ 105 എന്ന സിഗ്നല്‍ പ്രവഹിച്ചതെന്ന് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബി.ബി സൈ്വന്‍ പറഞ്ഞു. പോര്‍ബന്തര്‍ റിട്ടേണിങ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായും ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായും സൈ്വന്‍ കൂട്ടിച്ചേര്‍ത്തു.