നിയമവിരുദ്ധമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വി.വി.പാറ്റുകള്‍ നശിപ്പിച്ചു

ഏത് തിരഞ്ഞെടുപ്പിലും ഉപയോഗിച്ചതോ അച്ചടിച്ചതോ ആയ വി.വി.പാറ്റ്സ്ലിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്തുകയും അതിനുശേഷം നശിപ്പിക്കപ്പെടുകയും ചെയ്യാം എന്ന ചട്ടം നിലനില്‍ക്കെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വി.വി.പാറ്റ് സ്ലിപ്പുകള്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചതായി കണ്ടെത്തി. 2019 മെയ് മാസത്തില്‍ ഫലം പ്രഖ്യാപിച്ച് നാല് മാസത്തിനുള്ളില്‍ തന്നെ വി.വി.പാറ്റുകളെല്ലാം നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്.

വി.വി.പാറ്റുകളുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടിയില്‍ ഡല്‍ഹി ഇലക്ഷന്‍ കമ്മീഷന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. 2019 സെപ്റ്റംബര്‍ 24 ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വി.വി.പാറ്റ് അച്ചടിച്ച പേപ്പര്‍ സ്ലിപ്പുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. മുഴുവന്‍ വോട്ടിംഗ് പ്രക്രിയയുടെയും തകരാറുകള്‍ അല്ലെങ്കില്‍ കൃത്രിമത്വം കണ്ടെത്തുന്നതിനുള്ള തെളിവായ വി.വി.പാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് ദുരൂഹത ഉയര്‍ത്തുന്നതാണ്.

വ്യക്തമായ നിയമലംഘനത്തിലൂടെ ഈ വി.വി.പാറ്റ് സ്ലിപ്പുകള്‍ നാല് മാസത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടു എന്നത് ആശങ്കാജനകമാണ്. നശിപ്പിക്കാനുള്ള തിടുക്കത്തിന്റെ കാരണം ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇവിഎമ്മിനും വി.വി.പാറ്റ് വോട്ടുകള്‍ക്കും ഇടയില്‍ നിരവധി പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വിടാനോ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. വി.വി.പാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചതിന് ശേഷം ഇതുമായി ഉള്ള അന്വേഷണത്തിന് ഇനി എത്രമാത്രം പ്രസക്തിയുണ്ട് എന്നാണ് മറ്റൊരു വസ്തുത.

SHARE