തെര. കമ്മീഷനെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വൈകിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ്. സ്വയംഭരണ പദവിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. കമ്മീഷന്റെ നടപടി സംശയകരമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തി്ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കാതിരുന്നത് വഴിവിട്ട കളികളുടെ ഉദാഹരണവും മൂല്യങ്ങളുടെ ലംഘനവുമാണ്. നാണംകെട്ട സമ്മര്‍ദ്ദ തന്ത്രമാണ് മോദി സര്‍ക്കാര്‍ പയറ്റുന്നത്. അധികാരവും പദവിയും ഇതിനു വേണ്ടി ദുരുപയോഗം ചെയ്യുന്നു. ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 10 മിനുട്ടിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയത്. സംവരണ വിഷയത്തില്‍ സമര രംഗത്തുള്ള പാട്ടിദാര്‍, വാല്‍മീകി സമുദായങ്ങളെയും ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പ്രീണിപ്പിക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു ഇവയില്‍ ഏറെയും. ജനവിധിയെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

വ്യാഴാഴ്ച ഉച്ചക്കുശേഷം ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. സ്വാഭാവികമായും ഇരു സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരേണ്ടതായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്റിങ് കമ്മീറ്റി യോഗം മുന്നറിയിപ്പില്ലാതെ രണ്ടര മണിക്കൂര്‍ നേരത്തെയാക്കുകയും 10 മിനുട്ടു കൊണ്ട് 530 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.

16ന് ഗുജറാത്ത് സന്ദര്‍ശിക്കുന്ന മോദിയെ ക്രിസ്തുമസ് രാത്രിയില്‍ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ അവസരം ഒരുക്കുകയായിരുന്നോ. 1998 മുതല്‍ (വര്‍ഗീയ കലാപം അരങ്ങേറിയ 2002-03ല്‍ ഒഴികെ) എല്ലായിപ്പോഴും ഹിമാചലിലും ഗുജറാത്തിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ മാത്രം അതില്‍ മാറ്റം വരുത്താന്‍ തക്ക എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് കമ്മീഷന്‍ വിശദീകരിക്കണമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ കമ്മീഷന് പരാതി നല്‍കുമെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.

SHARE